മയ്യിൽ(കണ്ണൂർ): കണ്ണാടിപ്പറമ്പ് കാനത്തിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി സുദേവന് മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കവർച്ചകളുമായി ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം തുടങ്ങി. കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലും പെരുവങ്ങൂറിലുമായി മാറിമാറി താമസിക്കുകയുമായിരുന്ന സുദേവിനെ(60) യും 16,17 വയസുള്ള രണ്ടു കുട്ടികളെയുമാണ് മയ്യിൽ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസമാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. കണ്ണാടിപ്പറമ്പ് അമ്പലത്തിന് സമീപം സംശയാസ്പദമായി കണ്ട ഇവരെ നാട്ടുകാരും ക്ഷേത്ര ജീവനക്കാരും തടഞ്ഞു നിർത്തുകയും പിന്നീട് പോലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. 12ന് രാത്രി 9.30നാണ് സംഭവം.
പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്പലത്തിൽ മോഷണം നടത്തിയത് താൻ തന്നെയാണെന്ന് പ്രതി സമ്മതിച്ചു. മോഷണം പോയ 2 വിളക്കുകൾ ഇയാൾ വില്പന നടത്തിയ പുതിയതെരുവിലെ വില്പന സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു. ഇനി ഉരുളി, കിണ്ടി എന്നിവ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
മഹാരുദ്രയജ്ഞം കഴിഞ്ഞ കണ്ണാടിപ്പറമ്പ് ധർമ്മശാസ്ത ക്ഷേത്രത്തിൽ മോഷ്ടിക്കാനാണ് തങ്ങൾ എത്തിയതെന്ന് കൂടെ ഉണ്ടായിരുന്ന കുട്ടി പോലീസിനോട് പറഞ്ഞു. ചേലേരി, നാറാത്ത് അടക്കം ജില്ലയിലെ ക്ഷേത്രങ്ങളിൽ മോഷണം പതിവായത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും സുദേവനെ ചോദ്യം ചെയ്യും. പ്രദേശത്തെ മറ്റുള്ള കവർച്ചകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്ന സാഹചര്യത്തിൽ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
അതിനായി ഇയാളുടെ വിരലടയാളം വിദഗ്ധർക്ക് കൈമാറി, കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് മയ്യിൽ എസ്ഐ എൻ.പി.രാഘവൻ രാഷ്ട്രദീപികയോടു പറഞ്ഞു. കണ്ണാടിപ്പറമ്പ് ക്ഷേത്രപരിധിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. രണ്ടു കുട്ടികളെയും വിശദമായി ചോദ്യം ചെയ്യാൻ കൂടുതൽ കേസുകൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.