തൃശൂർ: നിരവധി അന്പല മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി സ്വദേശി അന്പലം മുരളി എന്നറിയപ്പെടുന്ന ചെട്ടിപറന്പിൽ മുരളി(47)യാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു. കഴിഞ്ഞ ആഴ്ച ചിറ്റിലപ്പിള്ളി പഴന്പലം മഹാവിഷ്ണു ക്ഷേത്രത്തിലെ മൂന്നു ഭണ്ഡാരങ്ങളുടെ പൂട്ടുപൊളിച്ച് പണവും മറ്റും കവർച്ച നടത്തിയ കേസിന്റെ അന്വേഷണത്തിനിടെയാണ് അന്പലം മുരളി അറസ്റ്റിലാവുന്നത്.
സ്ഥിരം അന്പല മോഷ്ടാവായ ഇയാൾ മറ്റൊരു കേസിൽ ശിക്ഷയനുഭവിച്ചതിനുശേഷം മൂന്നു മാസം മുന്പാണ് ജയിലിൽനിന്ന് ഇറങ്ങിയത്. ചിറ്റിലപ്പിള്ളി പഴന്പലം ക്ഷേത്രത്തിൽ ഓടുപൊളിച്ച് കടന്നായിരുന്നു കവർച്ച. ജയിലിൽനിന്ന് ഇറങ്ങിയശേഷം കടലാശേരി പിഷാരിക്കൽ ക്ഷേത്രത്തിൽ മോഷണം നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട ്. ചുറ്റന്പലത്തിന്റെ ചുറ്റുവിളക്കിനായി സ്ഥാപിച്ചിരുന്ന കോണി ഉപയോഗിച്ച് അകത്തു കടന്നായിരുന്നു കവർച്ച. ചുറ്റന്പലത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് പണം കവർന്നത്.
എണ്പതോളം ക്ഷേത്ര മോഷണക്കേസിലെ പ്രതിയാണ് മുരളി. പടവരാട് ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം, കൊടകര ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം, വലിയാലുക്കൽ കണിമംഗലം ഭഗവതി ക്ഷേത്രം, കണ്ണംകുളങ്ങര ശ്രീ മഹാവിഷ്ണുക്ഷേത്രം, ചെങ്ങാല്ലൂർ മറവാഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രം, ചാലക്കുടി പിഷാരിക്കൽ ദുർഗാദേവി ക്ഷേത്രം, പുതുക്കാട് ശ്രീ വള്ളികുന്നത്ത് മഹാവിഷ്ണു ക്ഷേത്രം, ചേർപ്പ് നറുകുളങ്ങര ശ്രീ ബലരാമസ്വാമി ക്ഷേത്രം, ഏനാമാവ് കരുവന്തല ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും മലപ്പുറം, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ട്
ഷാഡോ പോലീസ് എസ്ഐമാരായ എം.പി. ഡേവിസ്, വി.കെ. അൻസാർ, എഎസ്ഐമാരായ പി.എം. റാഫി, എൻ.ജി. സുവൃതകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. ഗോപാലകൃഷ്ണൻ, സിപിഒമാരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, എം.എസ്. ലിഗേഷ്, വിപിൻദാസ്, പേരാമംഗലം പോലീസ് സ്റ്റേഷനിലെ എഎസ്ഐ സോമൻ, സിപിഒ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.