കൊച്ചി: എറണാകുളം അമ്പലമേട് പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ നടത്തിയ അതിക്രമത്തില്‍ പ്രതികളുടെ അമ്മയ്ക്കും ഭാര്യമാര്‍ക്കും എതിരേ പോലീസ് കേസെടുത്തു.
കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ചു, ഡ്യൂട്ടി തടസപ്പെടുത്തി, പോലീസിനെ അസഭ്യം പറഞ്ഞു തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അമ്പലമേട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ആര്. സനീഷ് പറഞ്ഞു.
അമ്പലമേട് പോലീസ് സ്റ്റേഷന് പരിധിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റില്‍ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് അഖില്‍ ഗണേഷ്, അജിത് ഗണേഷ്, ആദിത്യന് എന്നീ യുവാക്കളെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ അഖില്‍ ഗണേഷ്, അജിത് ഗണേഷ് എന്നിവര്‍ സഹോദരങ്ങളാണ്.
അഖിലിനെതിരേ വിവിധ സ്റ്റേഷനുകളിലായി 17 കേസുകള്‍ നിലവിലുണ്ട്. കാപ്പാ കേസിലെ പ്രതിയുമാണ് ഇയാള്‍. അജിത്തിനെതിരെ 14 കേസുകളുമുണ്ട്. ആദിത്യനെതിരേ കേസുകള്‍ ഉണ്ടായിരുന്നില്ല.