കിഴക്കന്പലം: സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾ സ്മാർട്ടാകുന്പോൾ എറുണാകുളം ജില്ലയിലെ അന്പലമേട് ഗവ. സ്കൂളിലെ കുട്ടികളുടെ പഠനം വരാന്തയിലിരുന്ന്. കഴിഞ്ഞ മൂന്ന് വർഷമായി വിദ്യാർഥികൾ ഈ ദുരിതം അനുഭവിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. എൽകെജി മുതൽ 12-ാം ക്ലാസ് വരെയുള്ള സ്കൂളിൽ സ്റ്റാഫ്റൂം ഉൾപ്പെടെ ഒന്പത് ക്ലാസ് മുറികളാണുള്ളത്.
18 ഓളം ക്ലാസ് റൂമുകൾ വേണമെന്നിരിക്കെ അതിന്റെ പകുതി മാത്രമാണ് നിലവിലുള്ളത്. സ്കൂളിലെ ലൈബ്രറി, ലാബിലെ സാധനങ്ങൾ എല്ലാം വരാന്തയിലാണ്. പല ക്ലാസുകളും പകുതി വീതം തിരിച്ചാണ് കുട്ടികളെ ഇരുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അധ്യാപകർക്ക് വേണ്ടവിധത്തിൽ ക്ലാസ് എടുക്കാനും കഴിയുന്നില്ല.
എട്ടാം ക്ലാസിനെ പകുതിയായി തിരിച്ചാണ് ഹൈസ്കൂൾ ലാബ് പ്രവർത്തിക്കുന്നത്. അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളെ ഒരു ക്ലാസിലിരുത്തി തിരിച്ചാണ് പഠിപ്പിക്കുന്നത്. ഒന്ന്, രണ്ട് ക്ലാസുകൾ വരാന്തയിലാണ്. സംസ്കൃത ക്ലാസും വരാന്തയിൽ തന്നെ. 2016 നവംബർ 29ന് റിഫൈനറിയിലുണ്ടായ വാതകചോർച്ചയെത്തുടർന്നാണ് പ്രവർത്തനം നിലച്ച സ്കൂൾ താൽകാലികമായി അന്പലമേട് ഫാക്ട് ക്ലബിലേക്ക് മാറ്റിയത്.
വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് ഉടൻ സ്മാർട്ട് സ്കൂൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും പ്രതിഷേധത്തെത്തുടർന്ന് 2017 ഡിസംബർ 27ന് ചേർന്ന കളക്ടറുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ ഫാക്ടിന്റെ പക്കലുള്ള ക്ലബ് സ്കൂളിന്റെ സ്ഥലം വാങ്ങി അന്പലമേട് സ്കൂളിന് കെട്ടിടം നിർമിച്ച് നൽകാമെന്ന് തീരുമാനിച്ചിരുന്നു.
പകരം റിഫൈനറിയോട് ചേർന്നുള്ള അഞ്ചേക്കറിലധികം വരുന്ന സ്കൂളിന്റെ ഭൂമി റിഫൈനറിക്ക് നൽകാമെന്നും തീരുമാനിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. എന്നാൽ സ്കൂൾനിന്ന സ്ഥലം റിഫൈനറി കന്പനിയുടെ ഭാഗമാക്കുകയും ചെയ്തതോടെ അന്പലമേട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ തെരുവിലായ അവസ്ഥയിലാണ്.