അമ്പലമുകൾ: അമ്പലമുകളിൽ പുക ശ്വസിച്ച അസ്വസ്ഥതയെ തുടർന്ന് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി 7.30 ഓടെയാണ് അമ്പലമുകളിൽ അയ്യങ്കുഴി ഭാഗത്തുള്ള ആളുകൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അന്തരീക്ഷത്തിൽ കനത്ത പുകയും പ്രത്യേക ഗന്ധവുമനുഭവപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞ്.
പുക ശ്വസിച്ച് ഛർദ്ദിലിനെ തുടർന്ന് തളർന്ന വീണ വെട്ടിക്കാട്ട് വീട്ടിൽ ബിജു (50), ബൈപ്പാസ് സർജറിക്കു ശേഷം വിശ്രമത്തിലുള്ള മഴുവന്നപ്പറമ്പിൽ പങ്കജാക്ഷൻ (58) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ അസ്വസ്ഥത അനുഭവപ്പെട്ട 15 ഓളം പേർ വീടുകളിൽ തന്നെ ഇൻഹലേറുകളും മറ്റുമുപയോഗിച്ച് ആശ്വാസം കണ്ടെത്തുകയായിരുന്നു.
അമ്പലമുകളിൽ ബിപിസിഎൽ റിഫൈനറിക്കും എച്ച്ഒസിയ്ക്കു മിടയിലുള്ള സ്ഥലമാണ് അയ്യങ്കുഴി. ഒൻപതര ഏക്കർ സ്ഥലമുള്ള ഇവിടെ 42 വീട്ടുകാരാണ് താമസിക്കുന്നത്. രാത്രി അസ്വസ്ഥത അനുഭവപ്പെട്ടയുടനെ തന്നെ കമ്പനികളിൽ വിളിച്ചു പറഞ്ഞപ്പോൾ അധികൃതർ വാതകചോർച്ച നിഷേധിക്കുകയായിരുന്നു.
പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചപ്പോൾ എച്ച്ഒസിയിൽ ചെറിയ രീതിയിൽ എൽപിജി ചോർച്ചയുണ്ടായെന്നും ഉടൻ തന്നെ പരിഹരിച്ചുവെന്നും കമ്പനി അധികൃതർ പറഞ്ഞുവെന്ന് നാട്ടുകാർ പറഞ്ഞു. അമ്പലമുകൾ പോലീസെത്തിയാണ് അസ്വസ്ഥതയനുഭവപ്പെട്ടവരെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചത്.
പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക് മാറ്റുകയായിരുന്നു. രണ്ട് പ്രധാനപ്പെട്ട കമ്പനികളുടെ ഇടയിൽ കഴിയുന്ന അയ്യങ്കുഴി നിവാസികൾ പലപ്പോഴും ചെറുതും വലുതുമായ വാതക ചോർച്ചയെ തുടർന്നുള്ള അസ്വസ്ഥതകളും പേറിയാണ് ജീവിക്കുന്നത്. ഇവിടെയുള്ള താമസക്കാരിൽ ചെറിയ കുട്ടികളുള്ളവരും മറ്റും വീടുപേക്ഷിച്ച് വാടകയ്ക്കാണ് താമസിക്കുന്നത്.