പേരൂർക്കട: അന്പലമുക്കിൽ വീട്ടമ്മ കൊലചെയ്യപ്പെട്ട സംഭവത്തിന് നന്തൻകോട്ടുനടന്ന അരുംകൊലയുമായി വളരെയേറെ സമാനതകൾ. രണ്ടു സംഭവങ്ങളിലും മകൻ കൊല നടത്തിയിരിക്കുന്നത് അവഗണനയും ഒറ്റപ്പെടലും കൊണ്ടാണ്. മക്കൾ അമ്മമാരെ ദാരുണമായി കൊലചെയ്ത രണ്ടു കേസുകളിലും പ്രതികാരബുദ്ധി പ്രകടമാണ്.
മാസങ്ങൾക്കുമുന്‍പ് നന്തൻകോട്ട് 30 കാരനായ കേഡൽ ജീൻസണ്‍ രാജ തന്റെ പിതാവിനെയും മാതാവിനെയും സ്വന്തം സഹോദരിയെയും ഒരു ബന്ധുവിനെയും കൊലപ്പെടുത്തിയിരുന്നു. കൊലയ്ക്കുശേഷം മൃതദേഹങ്ങൾ വീടിനുള്ളിൽവച്ച് കത്തിക്കുകയായിരുന്നു കേഡൽ.
അന്പലമുക്കിലെ വീട്ടിൽ 22 കാരനായ അക്ഷയ് തന്റെ അമ്മയെ കൊലപ്പെടുത്തിയത് വീടിനുള്ളിൽ വച്ചുതന്നെ. പുറത്തുകൊണ്ടുപോയി കത്തിച്ചുവെന്നു മാത്രം. കേഡലിന് പിതാവുമായി അധികം അടുപ്പം ഇല്ലാതിരുന്നതുപോലെ അക്ഷയ്ക്ക് തന്റെ പിതാവുമായി കാര്യമായ ഇടപഴകൽ ഉണ്ടായിരുന്നില്ല. കേഡൽ ആരുമായും അധികം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല.
അക്ഷയും ഏറെക്കുറെ അങ്ങനെതന്നെയായിരുന്നു. കേഡൽ ജീൻസണ്‍ കൊല നടത്തിയശേഷം രക്ഷപ്പെടാൻ ശ്രമം നടത്തുകയുണ്ടായി. അക്ഷയ് തന്റെ അമ്മയെ കൊന്നശേഷം ആ വിവരം മണിക്കൂറുകളോളം രഹസ്യമായി സൂക്ഷിച്ചത് രക്ഷപ്പെടാനുള്ള മാർഗ്ഗം ആലോചിക്കുന്നതിനുവേണ്ടിയാണെന്നു പോലീസ് പറയുന്നുണ്ട്.
രണ്ടു കുടുംബങ്ങളുടെയും വിഷയം എടുത്താൽ പ്രകടമായി കാണാനാകുന്നത് വീട്ടിലെ അംഗങ്ങൾ തമ്മിലുള്ള താളപ്പിഴകളാണ്. കേഡലിന്റെ കുടുംബാംഗങ്ങൾ പരസ്പരം അകലം പാലിച്ച് ഏകാന്തതയിൽ ജീവിച്ചു. അമ്മയുടെ ജീവിതരീതിയിൽ വീട്ടിലെല്ലാവർക്കും വെറുപ്പുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലി താനും അമ്മയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും അക്ഷയ്പോലീസിനു മൊഴി നൽകി.
വാരിമൂടാവുന്ന പണവും ഹൈടെക് ജീവിതവുമാണ് കേഡലിന് ഉണ്ടായിരുന്നത്. അക്ഷയുടെ കുടുംബവും വളരെ ഭേദപ്പെട്ട നിലയിലായിരുന്നു. എപ്പോഴും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയകളിൽ ഇയാൾ സജീവമായിരുന്നുവെന്നുള്ളതും എടുത്തുപറയേണ്ടതാണ്.
കേഡൽ മാനസികാസ്വാസ്ഥ്യം പ്രകടമാക്കിയിരുന്നുവെങ്കിൽ അക്ഷയ് ലഹരിമരുന്നുകൾക്കടിപ്പെട്ട് മാനസികനില തകർന്ന നിലയിലായിരുന്നു. പരസ്പരം മൊഴി മാറ്റിപ്പറയുന്ന രീതി കേഡൽ ജീൻസണിൽ പ്രകടമായി കണ്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അന്നു പറഞ്ഞിരുന്നു.
അക്ഷയെ പോലീസ് കസ്റ്റഡിയിലെടുക്കുന്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനെ പുഞ്ചിരിയോടെയാണ് ഇരുവരും നേരിട്ടത്. താൻ മാതാവിനെ കൊന്നു കത്തിച്ചുവെന്ന് അക്ഷയ് സമ്മതിച്ചത് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ്.
കേഡൽ വ്യത്യസ്തമായ മറുപടികൾ നൽകി അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കിയിരുന്നു. രണ്ടു സംഭവങ്ങളിലും സാഹചര്യത്തെളിവുകളാണ് പോലീസിന് ഏറെ സഹായകമായതെന്നു കാണാനാകും. പോലീസിന്റെ പിടിയിലകപ്പെടുന്പോൾ രണ്ടു പ്രതികളും വികാരത്തിനടിപ്പെടുന്നില്ലെന്നുള്ളത് ശ്രദ്ധേയമാണ്.