അമ്പലപ്പുഴ: രാജ്യവ്യാപക ലോക്ക് ഡൗൺ നിലനിൽക്കെ അനധികൃതമായി നടക്കുന്ന ചെമ്മീൻ പീലിംഗ് വിവാദമാകുന്നു. ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. കാക്കാഴം പി.ബി ജംഗ്ഷനു സമീപമാണ് വൻകിട സ്ഥാപനത്തിൽ ചെമ്മീൻ പീലിംഗ് ആരംഭിച്ചത്.
വ്യവസായ വകുപ്പ് 18ന് പുറത്തിറക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഇവിടെ ഇന്നലെ രാവിലെ മുതൽ പീലിംഗ് ആരംഭിച്ചത്. തോട്ടപ്പള്ളിയിൽ നിന്നെത്തിക്കുന്ന 11 ഓളം സ്ത്രീ തൊഴിലാളികളാണ് പീലിംഗ് നടത്തുന്നത്. ഇവരെ പ്രത്യേക വാഹനത്തിലെത്തിച്ചാണ് ജോലി ചെയ്യിക്കുന്നത്.
രാവിലെ പീലിംഗ് ആരംഭിച്ച വിവരമറിഞ്ഞ് പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ളവരെ പോലീസ് വിരട്ടിയോടിച്ചു. ലോക്ക് ഡൗൺ ലംഘിച്ചതിനു കേസെടുക്കുമെന്ന് അറിയിച്ചാണ് പ്രതിഷേധക്കാരെ പോലീസ് തുരത്തിയത്.
ആന്ധ്രയിൽ നിന്നെത്തിച്ച മനാമി ചെമ്മീനാണ് പൊളിപ്പിക്കുന്നത്. ലോക്ക് ഡൗൺ ആരംഭിച്ച ശേഷം സംസ്ഥാനത്താകെ ചെമ്മീൻ പീലിംഗ് നിലച്ചിരിക്കുകയാണ്. ഇതിനിടയിലാണ് രാഷ്ട്രീയ, ഭരണ സ്വാധീനത്തിന്റെയും പ്രത്യേക ഉത്തരവിന്റെയും മറവിൽ ചെമ്മീൻ പീലിംഗ് നടത്തുന്നത്.
നിബന്ധനകൾക്കു വിധേയമായി മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കാൻ വ്യവസായ വകുപ്പിനു കീഴിലെ ചില സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഈ ഉത്തരവ് മറയാക്കി ആരംഭിച്ച പീലിംഗിനെതിരേയാണ് പ്രതിഷേധമുയർന്നത്.
എന്നാൽ ഉത്തരവിൽ പറയുന്ന പല മാനദണ്ഡങ്ങളും ഇവിടെ പാലിച്ചിട്ടില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. പ്രാദേശിക ഭരണ രാഷ്ട്രീയത്തിന്റെ പിന്തുണയോടെയാണ് നിബന്ധനകൾ കാറ്റിൽപ്പറത്തി ഇവിടെ പീലിംഗ് നടത്തുന്നത്.
കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്താണ് ചെമ്മീൻ പീലിംഗ് സംസ്ഥാനത്തെങ്ങും നിർത്തിയത്. എന്നാൽ സർക്കാർ ഉത്തരവ് പാലിച്ച് മറ്റെല്ലായിടങ്ങളിലും ചെമ്മീൻ പീലിംഗ് നിർത്തിയിട്ടും ഇവിടെ മാത്രം പീലിംഗ് ആരംഭിച്ചതിനെതിരേ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.