അമ്പലപ്പുഴ: ഗോശാലയിലെ ഗോക്കൾ ദുരിതത്തിൽ. തിരിഞ്ഞു നോക്കാതെ ദേവസ്വം ബോർഡ്. അമ്പലപ്പുഴ കിഴക്കേനടയിൽ ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ഗോശാലയിലാണ് ഗോക്കൾ നരകയാതന അനുഭവിക്കുന്നത്. ഒരു പശു തീരെ അവശനിലയിലാണ്.
ഇതിന്റെ ശരീരത്തിന്റെ പല ഭാഗത്തും വ്രണങ്ങളുമുണ്ട്. ഇതിനെയുൾപ്പെടെ പരിചരിക്കാൻ ദേവസ്വം ബോർഡ് തയാറാകുന്നില്ലെന്നാണ് ഭക്തരുടെ ആക്ഷേപം.
കൂടാതെ മാലിന്യത്തിനിടയിലാണ് പശുക്കൾ കഴിയുന്നത്. കൃത്യമായ ഇടവേളകളിൽ ഗോശാല വൃത്തിയാക്കാനും ജീവനക്കാർ തയാറാകുന്നില്ലെന്നാണ് പരാതി.
രണ്ടു ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. ഗോശാലയാകെ പായൽ പിടിച്ചുകിടക്കുന്നതിനാൽ പശുക്കൾ തെന്നിവീണ് അപകടം സംഭവിക്കുന്നതും പതിവാണ്.
ക്ഷേത്രത്തിൽനിന്ന് നല്ലരീതിയിൽ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ഗോശാലയുടെ നവീകരണത്തിനായി ഒരു രൂപ പോലും ദേവസ്വം ബോർഡ് ചെലവഴിക്കുന്നില്ലെന്നാണ് ഭക്തരുടെ പരാതി.