അന്പലപ്പുഴ: ഈ ഉത്സവത്തിനും അന്പലപ്പുഴ കണ്ണന് പതക്കം അണിയാനാവില്ല. 2017 എപ്രിൽ 19 ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അമൂല്യങ്ങളായ തിരുവാഭരണങ്ങൾ മോഷണം പോയതോടെയാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ ആറാട്ട്, കളഭം, വിഷുപൂജ തുടങ്ങിയ ദിവസങ്ങളിൽ ഭഗവാന് തിരുവാഭരണം ചാർത്താതായത്.
പിന്നീടിത് കാണിക്ക വഞ്ചികളിൽ നിന്നും രൂപമാറ്റം വരുത്തിയ നിലയിൽ കണ്ടുകിട്ടിയിരുന്നെങ്കിലും ’ അന്വേഷണം പൂർത്തിയാക്കാത്തതിന്റെ പേരിൽ കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പതക്കത്തിന് 60 ഗ്രാം തൂക്കമുണ്ടെന്നാണ് ദേവസ്വം രേഖകൾ. ഇതിൽ 56 ഗ്രാം തിരികെ കിട്ടി. 400 വർഷത്തിലേറെ പഴക്കമുണ്ട് പതക്കത്തിന്.
അന്പലപ്പുഴ പോലീസ് ആയിരുന്നു തുടക്കത്തിൽ അന്വേഷണം നടത്തിയിരുന്നത്. ഇതു തൃപ്തികരമല്ലെന്നുള്ള ഭക്തരുടെ എതിർപ്പിനെ തുടർന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ചിന് കീഴിലുള്ള സ്പെഷ്യൽ ആൻറി തെഫ്റ്റ് ടെന്പിൾ സ്ക്വാഡിനായിരുന്നു അന്വക്ഷണം.
ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്ഐ ജെ. വിജയൻ, സിവിൽ പോലീസ് ഓഫീസർ വി.എസ് വിനോദ് എന്നിവരടങ്ങിയ സംഘമാണ് പിന്നീട് അന്വേഷണം നടത്തിയത്. ക്ഷേത്രം ജീവനക്കാരുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തെങ്കിലും ഒടുവിൽ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ക്ഷേത്രത്തിലെ അന്തേവാസിയായിരുന്ന ഒരാൾ അറസ്റ്റിലാകുകയായിരുന്നു.
ഇടുക്കി ഉപ്പുതുറ ചേലക്കാട്കാളിയപ്പൻ എന്ന വിശ്വനാഥ(57) നാണ് ഒരു വർഷത്തിനു ശേഷം പിടിയിലായത്. വർഷങ്ങളായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വാഹന പാർക്കിങ്ങ് വിഭാഗത്തിൽ ജോലിക്കാരനായിരുന്നു കാളിയപ്പൻ എന്ന വിശ്വനാഥൻ. റിമാൻഡിലായ ഇയാൾ പിന്നീട് സ്വന്തം ജാമ്യത്തിൽ പുറത്തിറങ്ങി. സ്ക്വാഡിെൻറ പ്രവർത്തനം തുടരുന്നതിനിടെ 2018 ഓടെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് എറണാകുളം സെൻട്രൽ വിഭാഗത്തിന് കൈമാറി.
കൂടാതെ സ്പെഷ്യൽ ആന്റി തെഫ്റ്റ് ടെന്പിൾ സ്ക്വാഡ് ഉൾപ്പെടെയുള്ള പ്രത്യേകവിഭാഗത്തിെൻറ പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു. മൂന്ന് വർഷം പിന്നിട്ടിട്ടും അന്തിമറിപ്പോർട്ടും കുറ്റപത്രവും സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻമാർക്ക് കഴിഞ്ഞിട്ടില്ല. ഇതിനുശേഷം മാത്രമേ തൊണ്ടിമുതലായ ലക്ഷങ്ങൾ വിലമതിക്കുന്ന പതക്കം കോടതയിൽ നിന്നും തിരിച്ചെടുക്കാനാകുകയുള്ളു.
യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിക്കുന്നതെന്ന ആരോപണവും ഭക്തർക്കിടയിൽ ഉയർന്നിട്ടുണ്ട്. ഏതാണ്ട് 400 വർഷത്തെ പഴക്കമുള്ള സ്വർണ്ണ ഉരുപ്പടികളും പതക്കവും ക്ഷേത്രത്തിലെ സ്ട്രോങ്ങ് റൂമിലാണ് സൂക്ഷിക്കുന്നത്.
ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് ആഭരണങ്ങൾ ചടങ്ങുകൾക്കായി മേൽശാന്തിക്ക് കൈമാറുന്നത്. 2017 ഉത്സവത്തിന് തിരുവാഭരണം നൽകുകയും തിരികെ വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് വിഷുവിന് ചാർത്താനും നൽകിയിരുന്നു. പക്ഷേ ചാർത്തിയില്ല. ഇതിൽ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് തിരുവാഭരണം നഷ്ടപ്പെട്ട വിവരം പുറത്തറിഞ്ഞത്.
വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് നാല് പതക്കങ്ങൾകൂടി നഷ്ടപ്പെട്ട വിവരം പുറംലോകം അറിഞ്ഞത്. ഉപയോഗം കഴിയുന്പോൾ തിരികെ പതക്കം കൈമാറേണ്ട ചുമതല മേൽശാന്തിക്കുണ്ട്. ഇവിടെയുണ്ടായ വീഴ്ചയാണ് പതക്കവും മാലയും നഷ്ടപ്പെടാൻ കാരണമായത്.