അന്പലപ്പുഴ: നഷ്ടപ്പെട്ട പതക്കവും മാലയും തിരികെ കിട്ടിയെങ്കിലും പോലീസിന്റെ മുന്നിൽ ഇനിയുള്ള വെല്ലുവിളി പ്രതിയെ കണ്ടെത്തുക എന്നതാണ്. കഴിഞ്ഞ മാർച്ച് 23ന് ആറാട്ടു ദിവസമാണ് അന്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യമായ പതക്കവും മാലയും കാണാതായത്. എന്നാൽ ഏപ്രിൽ 14ന് വിഷുദിവസമാണ് പതക്കം കാണാനില്ലെന്ന വിവരം പുറംലോകമറിയുന്നത്.
രണ്ടുദിവസം രഹസ്യമായി പരിശോധന നടത്തിയെങ്കിലും ഇവ കണ്ടെടുക്കാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് ക്ഷേത്ര ഉപദേശകസമിതി മുൻ സെക്രട്ടറി സുഭാഷ് ദേവസ്വംബോർഡ് കമ്മീഷണറിനും അന്പലപ്പുഴ സിഐ ക്കും ഇതു സംബന്ധിച്ച് പരാതി നൽകിയത്. പരാതി ലഭിച്ചതിനെ തുടർന്ന് മധ്യമേഖലാ ഐജി പി. വിജയന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്നു തന്നെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാരൻ നായർക്കായിരുന്നു അന്വേഷണ ചുമതല. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ മേൽശാന്തിമാരെയും ക്ഷേത്രം ജീവനക്കാരെയും പലതവണ ക്ഷേത്രത്തിൽ വച്ചും അന്പലപ്പുഴ സിഐ ഓഫീസിൽ വച്ചും ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചും ചോദ്യം ചെയ്തിരുന്നു. മാറി മാറി ചോദ്യം ചെയ്തെങ്കിലും ഒരു തുന്പും ലഭിക്കാതെ വന്നതോടെ ഇവരെ നുണ പരിശോധനയ്ക്കു വിധേയമാക്കാനും തീരുമാനിച്ചിരുന്നു.
ഇതിനിടയിൽ പതക്കം കണ്ടെടുക്കാനായി മൂന്നു കിണറുകളും വറ്റിച്ചു പരിശോധന നടത്തിയിരുന്നു. പതക്കം ലഭിച്ച ഇന്നലെയും ക്ഷേത്രത്തിന്റെ തെക്കേനടയിൽ മേൽശാന്തിമാർ നേരത്തെ ഉപയോഗിച്ചിരുന്ന കുളവും വറ്റിച്ചു പരിശോധന നടത്തുന്നതിനിടയിലാണ് കാണിക്കവഞ്ചിയിൽനിന്ന് പതക്കവും മാലയും ലഭിച്ചത്. നഷ്ടപ്പെട്ടവ തിരികെ ലഭിച്ചെങ്കിലും ഇവ എങ്ങനെ കാണിക്കവഞ്ചിയിൽ വന്നു എന്നത് അന്വേഷണ ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളിയാണ്. ഇതിനു കൂടി ഉത്തരം കണ്ടെത്തിയാലേ അന്വേഷണം പൂർത്തിയാകൂ.