അന്പലപ്പുഴ: കൊലപാതക ശ്രമത്തിന് റിമാൻഡിലായി ജാമ്യത്തിലിറങ്ങിയശേഷം നാടുവിട്ട പ്രതി 20 വർഷങ്ങൾക്കുശേഷം പിടിയിൽ. അമ്പലപ്പുഴ കരുമാടി ലക്ഷം വീട് കോളനിയിൽ നാണു മകൻ പ്രസാദാ(55)ണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.
സഹോദരിയുടെ ഭർത്താവിനെ കുത്തി പരിക്കേൽപിച്ച് കൊലപാതക ശ്രമത്തിന് റിമാൻഡിലായി ജാമ്യത്തിൽ ഇറങ്ങിയശേഷം നാടുവിടുകയായിരുന്നു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോണിന്റെ നേതൃത്വത്തിൽ നടത്തുന്ന ലോംഗ് പെന്റിംഗ് വാറണ്ടുള്ള പ്രതികളെ പിടികൂടുന്നതിന്റെ ഭാഗമായാണ് 20 വർഷം പഴക്കമുള്ള കേസിന്റെ അന്വേഷണത്തിലേക്ക് എത്തുന്നത്.
അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പക്ടർ ടോൾസൺ പി. ജോസഫ്, ഗ്രേഡ് എസ്ഐ ഹനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിബിൻദാസ്, സിദ്ദിക് ഉൾ അക്ബർ, വിഷ്ണു ജി, ജോസഫ് ജോയി, മാത്യു, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.