അമ്പലപ്പുഴ: പോലീസ് സ്റ്റേഷനിലെ ഫോൺ തകരാറിൽ. പരാതിയും അറിയിപ്പും നൽകാനാകാതെ പൊതുജനം. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ 0477-2272022 എന്ന ലാഫോൺ നമ്പരാണ് രണ്ടുമാസമായി തകരാറിലായത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നടന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെ കേബിളുകൾ മുറിഞ്ഞതാണ് ഫോൺ തകരാറിലാകാൻ കാരണമായതെന്ന് പറയുന്നു.
ഇതുസംബന്ധിച്ച് പോലീസുദ്യോഗസ്ഥർ ബിഎസ്എൻഎല്ലിൽ പരാതി നൽകിയിട്ടും തകരാർ പരിഹരിച്ചിട്ടില്ല. ഇതോടെ സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്ക് വിളിക്കുന്നവരാണ് കുഴയുന്നത്.
വാഹനാപകടം നിത്യസംഭവമായ ദേശീയപാതയിൽ അപകടവിവരം അറിയിക്കുന്നതിന് ആളുകൾ സ്റ്റേഷനിലേക്ക് വിളിച്ചാൽ കുഴയുകയാണ്.
അതുകൊണ്ടുതന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ കഴിയാത്തതുമൂലം വാഹനാപകടം ഉൾപ്പെടെയുള്ള അപകടങ്ങൾക്ക് രക്ഷാപ്രവർത്തനം വൈകുന്നതും പതിവാണ്.
പൊതുജനത്തിനു പലർക്കും പോലീസുദ്യോഗസ്ഥരുടെ നമ്പരുകൾ അറിയാത്തതിനാൽ വിവരമറിയിക്കാൻ സ്റ്റേഷൻ നമ്പരിനെയാണ് ആശ്രയിക്കുന്നത്.
ഇത് പ്രവർത്തനരഹിതമായതോടെ പൊതുജനം ബുദ്ധിമുട്ടിലായിരിക്കുകയാണ്. അടിയന്തരമായി തകരാർ പരിഹരിക്കാൻ അധികൃതർ തയാ റാകണമെന്നും ആവശ്യമുയരുകയാണ്.