മങ്കൊമ്പ്: ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡില്‍ അപകടം പതിയിരിക്കുന്നതായി ആക്ഷേപം. നിരന്തരമായി ഇടിഞ്ഞുതാഴുന്നതുമൂലം വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവു സംഭവമായി മാറിയിരിക്കുകയാണ്. ഓരോ തവണയും പ്രശ്നം കൂടുതല്‍ വഷളാകുമ്പോള്‍ താത്കാലിക പരിഹാരം കാണുന്നതാണ് അധികൃതരുടെ പതിവ്.
എന്നാല്‍ അപ്രോച്ച് താത്കാലികമായി ഇടിഞ്ഞു താഴുന്നതു മാത്രമല്ല, നിര്‍മാണത്തിലെ അപാകതകള്‍ ഇപ്പോള്‍ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്കെത്തിച്ചിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. അപ്രോച്ച് റോഡിന്റെ വടക്കുവശത്തെ ഗാബിയോണ്‍ ഉപയോഗിച്ചുള്ള റീടൈനിംഗ് വാള് പുറത്തേക്കു രണ്ടടിയോളം തള്ളിനില്‍ക്കുന്നതാണ് കൂടുതല്‍ അപകടങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
അപ്രോച്ചിനിരുവശങ്ങളിലുമുള്ള സംരക്ഷണഭിത്തി തകര്‍ന്ന നിലയിലാണ്. മലേഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രത്യേക ലോഹവലകള്ക്കുള്ളില് കരിങ്കല്‍ അടുക്കിയാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. ഈ സംരക്ഷണഭിത്തി രണ്ടടിയോളം പുറത്തേക്കു തള്ളിനില്ക്കുന്ന നിലയിലാണ്. ഇതു പുറത്തേക്ക് അകന്നുപോകുന്നതിനനുസരിച്ചു അപ്രോച്ച് താഴ്ന്നുകൊണ്ടിരിക്കും.
ഗാബിയോണ്‍ ഉപയോഗിച്ചുള്ള റീട്ടെയിനിംഗ് വാള് ഉയര്‍ത്തി നിര്‍മിക്കുകയാണു വേണ്ടത്. അപ്രോച്ചിനിരുവശങ്ങളിലും സ്ഥാപിച്ചിരുന്ന ലോഹനിര്‍മിത സംരക്ഷണഭിത്തി പലയിടത്തും തകര്‍ന്ന നിലയിലാണ്. ഇത് അടിയന്തിരമായി പുനര്‍നിര്‍മിച്ചില്ലെങ്കില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്.
താഴുന്ന അപ്രോച്ച് ഉയര്‍ത്തുന്നതിനായി അടുത്തിടെ തുകയനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി റോഡില്‍ മക്ക് നിരത്തിയിട്ടുണ്ട്. എന്നാല്‍ കുറഞ്ഞത് 30 മീറ്റര്‍ നീളത്തിലെങ്കിലും ഡബ്ലിയുഎംഎം സംവിധാനത്തില്‍ റോഡ് ഉയര്‍ത്തി ടാറിംഗ് നടത്തിയാലെ പ്രശ്നത്തിനു ശാശ്വത പരിഹാരമാകുകയുള്ളുവെന്നാണ് അഭിപ്രായമുയരുന്നത്.
നിലവില്‍ റോഡിലിറക്കിയ മക്കിന്റെ നല്ലൊരുഭാഗം മഴയില്‍ ഒലിച്ചുപോയ നിലയിലാണ്. ഇതേത്തുടര്‍ന്നു പുതിയ കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.പടിഞ്ഞാറെ കരയിലെങ്കിലും പുതുതായി ഒരു സ്പാന്‍കൂടി നിര്‍മിക്കുന്ന കാര്യവും നേരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍, ഇതു പിന്നീട് പരിഗണിച്ചില്ല. ഏറെക്കാലമായി തുടരുന്ന പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.