അന്പലപ്പുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ കൊടിമരത്തിന് ഇന്ന് 131 വർഷം പൂർത്തിയാകുന്നു. 1889 മാർച്ച് അഞ്ചിനാണ് അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ അന്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സ്വർണക്കൊടിമരം സ്ഥാപിച്ചത്.
അന്നുവരെ കവുങ്ങിൻ തടിയിലായിരുന്നു ഉത്സവത്തിന് കൊടി ഉയർത്തിയിരുന്നത്. ഈ പരന്പരാഗത രീതിക്കാണ് മഹാരാജാവ് മാറ്റം വരുത്തിയത്. തേക്കിൻ തടിയിലെ പറ ഇളക്കിയ ശേഷമാണ് ഇതിൽ സ്വർണം പൂശിയത്. ഈ വർഷത്തെ കൊടിയേറ്റിന് പുതിയ കൊടിയാണ് ഉയർത്തുന്നത്.
12 വർഷങ്ങൾക്കു ശേഷമാണ് ക്ഷേത്രത്തിലെ കൊടിമാറ്റി പുതിയത് നിർമിച്ചത്. കഴിഞ്ഞ വർഷവും ഇതിന് അനുമതി തേടിയെങ്കിലും ഇത്തവണയാണ് ലഭിച്ചത്. സ്വർണക്കുമിൾ, ഗരുഡൻ രൂപം എന്നിവയടങ്ങിയ കൊടി കഴിഞ്ഞ ദിവസം തിരുവാഭരണ കമ്മീഷണർ പരിശോധിച്ചിരുന്നു.