അന്പലപ്പുഴ: തലാക്ക് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച അന്പലപ്പുഴ കാക്കാഴം തച്ചുതറയിൽ അബ്ദുൽ ഖാദറി(48)നെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ അന്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. പ്രതിയുടെ ഭാര്യ നിസ നൽകിയ പരാതിയെ തുടർന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
തന്നെ തലാക്ക് ചൊല്ലിയ ഭർത്താവിനെതിരെ ഭാര്യ അന്പലപ്പുഴ പോലീസിലും, ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് അവർ അഭിഭാഷകനായ ബിജിലി ജോസഫ് മുഖേന കോടതിയെ സമീപിച്ചത്.
2018 സെപ്റ്റംബർ 19ന് പ്രാബല്യത്തിൽ വന്ന വിവാഹിത മുസ്ലിം സ്ത്രീകളുടെ സംരക്ഷണ ഓർഡിനൻസ് പ്രകാരം ഭാര്യയെ തലാക്കു ചൊല്ലി ബന്ധം വേർപെടുത്തുന്നത് മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. ഈ ഓർഡിനൻസ് നിലവിൽ വന്ന ശേഷം റിപ്പോർട്ടു ചെയ്യപ്പെടുന്ന സംസ്ഥാനത്തെ ആദ്യ കേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഭാര്യയുടെ ഭാഗം കൂടി കേൾക്കാതെ പ്രതിക്ക് ജാമ്യം നൽകരുതെന്നാണ് നിയമം അനുശാസിക്കുന്നത്.