ചെങ്ങന്നൂർ: അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ ദേവസ്വം വിജിലൻസ് എസ്.പി പി.ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ. വാസു പറഞ്ഞു.
വൈശാഖ മാസാചരണവും, അഞ്ചമ്പല ദർശനം പരിപാടിയുടെ യോഗം ചെങ്ങന്നൂർ പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിലെത്തിൽ ഉദ്ഘാടനം ചെയ്ത ശേഷം എൻ. വാസു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ആനയുടെ ചുമതല ഉണ്ടായിരുന്ന ദേവസ്വം ബോർഡ് ഹരിപ്പാട് ഡപ്യൂട്ടി കമ്മീഷണർ ബി. ബൈജുവിനെ തൽ സ്ഥാനത്തു നിന്ന് മാറ്റി നിർത്തിയതായും അദ്ദേഹം പറഞ്ഞു.
ജനുവരി 28നാണ് വിജയകൃഷ്ണനെ മറ്റ് ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിനായി കൊണ്ടുപോകുന്നത്. മാർച്ച് 26ന് ആനയെ തിരികേ എത്തിച്ചപ്പോൾ വലത് കാലിൽ ഉണ്ടായ മുറിവ് കാരണം ആനയ്ക്ക് നിൽക്കാൻ ആകാത്ത സ്ഥിതിയിൽ ആയിരുന്നു.
കാലിലെ മുറിവിൽ നീർവീക്കം ഉണ്ടായതായി കണ്ടെത്തി. ഇതെ തുടർന്ന് ആനക്ക് വിശ്രമം നൽകുകയും ആവശ്യമായ ചികിത്സ നടത്തുകയും ചെയ്തു.
ചികിത്സയുടെ ഫലമായി കാലിലെ നീർക്കെട്ട് മാറി. രണ്ടു ദിവസം മുൻപ് ആന തീറ്റ എടുക്കാൻ മടി കാണിച്ചു. ഡോക്ടർ എത്തി ഇതിനുള്ള ചികിത്സയും ആരംഭിച്ചു.
എന്നാൽ അന്നേ ദിവസം ഉച്ചയോടെ ആന ചരിഞ്ഞു. ദേവസ്വം ബോർഡിന് 27 ആനകളാണ് ഉള്ളത്. ആനകളെ പരിചരിക്കുന്നതിന് കൃത്യമായ സംവിധാനമുണ്ട്.
ആന ചരിയാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും ആനയുടെ ആരോഗ്യ പരിപാലനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
വിജിലൻസ് എസ്.പിയുടെ വിശദമായ റിപ്പോർട്ടും ആനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു.