അന്പലപ്പുഴ: തട്ടിപ്പു നടത്തിയതിന്റെ പേരിൽ അടച്ചുപൂട്ടിയ പോപ്പുലർ ഫിനാൻസ് അന്പലപ്പുഴ ശാഖയിൽനിന്നു മുക്കിയത് രണ്ടു കോടിയോളം രൂപയെന്ന്.
അന്പലപ്പുഴ പോലീസിൽ നാൽപതോളം പേർ നൽകിയ പരാതിയിലാണ് ഇത്രയും തുക കണക്കാക്കുന്നത്. ഇനിയും പരാതിക്കാർ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് പോലീസ് നിഗമനം.
അന്പലപ്പുഴയിൽ ഒരിടവേളയ്ക്കു ശേഷം നടന്ന ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പാണിത്. ജോലിയിൽ നിന്നു വിരമിച്ചവരാണ് പരാതി നൽകിയവരിൽ അധികവും.
എന്നാൽ ഭീമമായ തുക നിക്ഷേപിച്ച ഉന്നതരും ഉണ്ടെന്നാണു സൂചന. പുറത്തു പറയാൻ കഴിയാത്ത തുകയായതിനാൽ പലരും പോലീസിൽ പരാതി നൽകാനും മുന്നോട്ടു വന്നിട്ടില്ല.
ട്രഷറിയിൽ നിന്നു വിരമിച്ച ഒരാളാണ് ഇതിന്റെ മാനേജർ. അന്പലപ്പുഴ സ്വദേശികൂടിയായ ഇദ്ദേഹത്തിന്റെ ബന്ധങ്ങൾ വഴിയാണ് പലരും പണം നിക്ഷേപിച്ചത്.
സാധാരണ ബാങ്ക് പലിശയുടെ ഇരട്ടി ലഭിക്കും എന്ന പ്രതീക്ഷയോടെയാണ് റിട്ട. ഉദ്യോഗസ്ഥരായ പലരും ഇവിടെ പണം നിക്ഷേപിച്ചത്. ഒന്നു മുതൽ അഞ്ചുലക്ഷം വരെയാണ് ഇത്തരക്കാർ നിക്ഷേപിച്ചതെങ്കിലും കണക്കിൽ കാണിക്കാൻ പറ്റാത്തതിന്റെ പേരിലാണ് ചില ഉന്നതർ ഭീമമായ തുക നിക്ഷേപം നടത്തിയതെന്നാണ് അറിവ്.
പരാതികളുടെ അടിസ്ഥാനത്തിൽ അന്പലപ്പുഴ പോലീസ് കേസെടുത്തു.
ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ഉള്ളതും അന്പലപ്പുഴയിലാണ്. ശാഖകളിൽ ജോലി ചെയ്യുന്ന ജീവനക്കാരും നിക്ഷേപകരെ കണ്ടെത്തേണ്ടതുണ്ട്.
എട്ടുമുതൽ 12 ശതമാനം വരെ പലിശ വാഗ്ദാനം നൽകിയാണ് ഇവർ തുക സ്വീകരിക്കുന്നത്. നിക്ഷേപ കാലയളവ് കണക്കാക്കി പലിശയ്ക്കു പുറമേ മറ്റ് വാഗ്ദാനങ്ങളും നൽകാറുണ്ട്.
പോപ്പുലർ ഫിനാൻസ് ശാഖ അടച്ചതോടെ മറ്റ് പല പണമിടപാട് സ്ഥാപനങ്ങളിലും നിക്ഷേപിച്ചിട്ടുള്ള തുക പലരും പിൻവലിക്കാൻ ഒരുങ്ങിയെങ്കിലും കാലാവധി പൂർത്തിയാകാത്തതിനാൽ പലർക്കും നിക്ഷപത്തുക നൽകാൻ ബാങ്ക് തയാറായിട്ടില്ല. ഇത് നിക്ഷേപകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ചിട്ടിസ്ഥാപനങ്ങളുടെ പേരിലാണ് അന്പലപ്പുഴയിൽ സാന്പത്തികത്തട്ടിപ്പുമായി ആദ്യം എത്തുന്നത്. ചെറിയ തുകയിൽ ആരംഭിച്ച ചിട്ടികൾ പിന്നീട് ലക്ഷങ്ങളിലെത്തി.
പലരിൽനിന്നും തുക കൈപ്പറ്റിയതിന് ശേഷം സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു. ഇത്തരത്തിലുള്ള വിവിധ ചിട്ടിസ്ഥാപനങ്ങളാണ് അന്പലപ്പുഴയിൽ കോടികളുടെ തട്ടിപ്പ് നടത്തിയത്.
കേസ് തുടരുന്നതിനിടെയാണ് അമിത പലിശ വാഗ്ദാനം നൽകി വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകൾ തഴച്ചുവളരുന്നത്.