അന്പലപ്പുഴ: അന്പലപ്പുഴയിൽ ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയ കേസിൽ അന്പലപ്പുഴ പോലീസ് പിടികൂടിയ രണ്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. അന്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പുതുവൽ വീട്ടിൽ അജിത്ത് (30), നീർക്കുന്നം പുതുവൽ അരുണ്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ വാടക്കൽ ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടി അറസ്റ്റ് ചെയ്തത്.
നേരത്തെ ഈ കേസിലെ ഒന്നാം പ്രതിയായ നീർക്കുന്നം പൊക്കത്തിൽ വീട്ടിൽ പൊടി മോനെ (പൊടിച്ചൻ-23) അന്പലപ്പുഴ സിഐ ടി. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പ്രതികളെയും പോലീസ് തന്ത്രപരമായി കുടുക്കിയത്.
അന്പലപ്പുഴ തെക്ക് പഞ്ചായത്ത് വടക്കേ നടയിൽ മംഗലപ്പിള്ളി ശ്രീകുമാറിന്റെ വീട്ടിലാണ് കഴിഞ്ഞ മാസം 12 ന് ഇവർ മോഷണം നടത്തിയത്. ശ്രീകുമാർ ഓണത്തിന് കുടുംബസമേതം ചെന്നൈയിലേക്ക് പോയ ദിവസം രാത്രിയിലാണ് മോഷണം നടന്നത്.
തെക്ക് ഭാഗത്തെ മതിൽ ചാടിക്കടന്ന് അകത്ത് കയറിയ ശേഷം ഇരുന്പു പാര, കന്പി എന്നിവ ഉപയോഗിച്ച് മുൻവശത്തെ പ്രധാന വാതിൽ കുത്തിതുറന്ന് അകത്ത് കയറിയ ശേഷം 30 പവൻ ആഭരണങ്ങൾ , ഒരു ലക്ഷത്തോളം രൂപ, കാമറ, ടിവി എന്നിവയാണ് മോഷ്ടിച്ചത്. ഇതിൽ ടിവി ഒഴികെയുള്ളവ അന്ന് തന്നെ കൊണ്ടുപോയി. ടിവി പിറ്റേ ദിവസം വന്നാണ് കൊണ്ടുപോയത്. പ്രധാന പ്രതിയെ വാടകയ്ക്ക് താമസിക്കുന്ന ഓച്ചിറ ആലുംപീടികയിലെ വീട്ടിൽ നിന്നും നാലു ദിവസം മുന്‍പ് പിടികൂടിയിരുന്നു.