അന്പലപ്പുഴ: അന്പലപ്പുഴ ക്ഷേത്രത്തിലെ പതക്കം നഷ്ടപ്പെട്ട കേസിലെ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ മാർച്ചു സംഘടിപ്പിയ്ക്കുന്നു. സമരസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10ന് അന്പലപ്പുഴ സിഐ ഓഫീസിലേയ്ക്ക് മാർച്ചു നടത്തുന്നു.
ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട പതക്കം ലഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. യഥാർഥ കുറ്റവാളിയെ കണ്ടെത്തുന്നതു വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
നഷ്ടപ്പെട്ട തിരുവാഭരണം രൂപഭാവം വരുത്തിയത് പുനർ നിർമിച്ച് ഭഗവാന് ചാർത്തുക, ഗുരതരകൃത്യവിലോപം കാട്ടിയ ക്ഷേത്ര ജീവനക്കാരെ സസ്പെൻഡ് ചെയ്യുക, വർഷങ്ങളായി തുടരുന്ന ക്ഷേത്ര ജീവനക്കാരെ സ്ഥലം മാറ്റുക, ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുക, ക്ഷേത്രത്തിൽ കൂടുതൽ ഗാർഡുകളെ നിയമിക്കുക എന്നീ ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചിട്ടുണ്ട്.