അന്പലപ്പുഴ: അന്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിസരത്ത് വെള്ളക്കെട്ട് രൂക്ഷം. വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്ന് പോലീസുകാരും സ്റ്റേഷനിലെത്തുന്ന പ്രദേശവാസികളും ദുരിതത്തിലായിരിക്കുകയാണ്. രണ്ടു മാസത്തോളമായി കെട്ടിക്കിടക്കുന്ന മലിനജലത്തിൽ ചവിട്ടിയാണ് പോലീസുകാർ സ്റ്റേഷനിലേക്കു കയറുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ തോരാതെ പെയ്യുന്നതിനാൽ വെള്ളക്കെട്ട് അടിക്കടി വർധിച്ചുവരുകയുമാണ്. പല ആവശ്യങ്ങൾക്കായി സ്റ്റേഷനിലെത്തുന്ന പ്രദേശവാസികളും വെള്ളക്കെട്ടിലൂടെ നടന്നാണ് സ്റ്റേഷനിൽ എത്തുന്നത്. മലിനജലമായതിനാൽ എലിപ്പനി പോലുള്ള രോഗങ്ങൾ പടരുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. കൊതുകു ശല്യം മൂലം സ്റ്റേഷനിൽ ഇരുന്ന് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്ന് പോലീസുകാരും പറയുന്നു.
യൂണിഫോം ധരിച്ച് ജോലിക്കെത്തുന്ന പോലീസുകാർ ഷൂസ് അഴിച്ചുമാറ്റി മലിനജലത്തിൽക്കൂടി നീന്തിയാണ് സ്റ്റേഷനിൽ എത്തുന്നത്. പല കേസുകളിൽപെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങളും വെള്ളക്കെട്ടിൽ കിടന്ന് നശിക്കുകയാണ്. നാലു വശവും മതിലും മുൻവശത്തെ റോഡ് ഉയരത്തിലുമായതിനാൽ പെയ്തു വെള്ളം ഒഴുകി പോകാനാവാതെ വന്നതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.
വെള്ളം പന്പ് ചെയ്ത് മാറ്റാൻ വേറെ സ്ഥലമില്ലാത്തതും സ്ഥിതി കൂടുതൽ വഷളാക്കുന്നു. കെട്ടിക്കിടക്കുന്ന മലിനജലം നീക്കം ചെയ്തില്ലെങ്കിൽ രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.