അന്പലപ്പുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം അധികൃതരുടെ നടപടികളിൽ ദുരൂഹത എന്ന് വിശ്വാസികൾ. തിരുവാഭരണം കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും ഇത് സംബന്ധിച്ച വിവരം ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാനോ പോലീസിൽ പരാതി നൽകാനോ അധികൃതർ തയാറാകാതിരുന്നതാണ് ഭക്തരുടെ സംശയങ്ങൾക്ക് കാരണം. വിഷുദിനത്തിൽ ശ്രീകൃഷ്ണസ്വാമിക്കു ചാർത്തിയ തിരുവാഭരണങ്ങളിൽ പതക്കവും മാലയും ഇല്ലായിരുന്നെന്ന് ഭക്തരും ചില ദേവസ്വം ജീവനക്കാരും ദേവസ്വം അധികൃതരെ അറിയിച്ചിരുന്നെന്ന് ഭക്തർ പറയുന്നു.
വിഷു ദർശനം കഴിഞ്ഞ് തിരുവാഭരണങ്ങൾ തിരികെ സ്ട്രോംഗ് മുറിയിലെത്തിച്ചപ്പോൾ പതക്കവും മാലയും ഇല്ലായിരുന്നെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും പറയുന്നു. നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് മുൻ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സുഭാഷ് ദേവസ്വം ബോർഡ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് ദേവസ്വം വിജിലൻസ് അധികാരികൾ ക്ഷേത്രത്തിലെത്തി തെളിവെടുപ്പു നടത്തിയത്.
അസിസ്റ്റന്റ് കമ്മീഷണർ എസ് രഘുനാഥൻ നായർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരുകേശിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ പരിശോധനയിൽ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. 93 ഗ്രാം തങ്കത്തിൽ അമൂല്യമായ രത്നങ്ങൾ പതിച്ച കോടികൾ വിലമതിക്കുന്ന പതക്കവും മാലയും നഷ്ടമായെന്നറിഞ്ഞിട്ടും നടപടികൾ എടുക്കാതിരുന്നതാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയമുയരാൻ കാരണം.
കഴിഞ്ഞ മാർച്ചിൽ നടന്ന ഉത്സവത്തിൽ ഈ ആഭരണങ്ങൾ ഭഗവാനു ചാർത്തിയിരുന്നതായി വിശ്വാസികൾ പറയുന്നു. തിരുവാഭരണ ചുമതലയുള്ള ഉദ്യോഗസ്ഥനും മേൽശാന്തിയും ഇക്കാര്യം മറച്ചുവെച്ചതും വിശ്വാസികളുടെ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്. നവമാധ്യമങ്ങളിലടക്കം ഇത് സംബന്ധിച്ച് ചർച്ചകൾ സജീവമാണ്.
ക്ഷേത്രം അസിസ്റ്റന്റ് കമ്മീഷണർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്പലപ്പുഴ സിഐ എം.വിശ്വംഭരന്റെ നേതൃത്വത്തിൽ പോലീസ് ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു ഏകദേശം 400 വർഷത്തോഴം പഴക്കമുള്ള വിലമതിക്കാനാവാത്ത ഈ ആഭരണങ്ങൾ വേണ്ടത്ര സുരക്ഷയില്ലാതെയാണ് കൈകാര്യം ചെയ്തിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ദേവസ്വം ബോർഡും, ദേവസ്വം വിജിലൻസും കേസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ എറണാകുളം റേഞ്ച് ഐജി പി.വി. ’വിജയൻ, ക്രൈംബ്രാഞ്ച് എസ്പി, ആലപ്പുഴ എസ്പി റഫീക്ക് മുഹമ്മദ്, ഡിവൈഎസ് പി.ഷാജഹാൻ,.ഫോറൻസിക് വിദഗ്ദർ ,ദേവസ്വം വിജിലൻസ് എസ്പി രതീഷ് കൃഷ്ണൻ തുടങ്ങിയവർ ക്ഷേത്രത്തിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.
ജില്ലാ ക്രൈംബ്രാ ഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ടെന്പിൾ തെഫ്റ്റ് സ്ക്വാഡും അന്വേഷണം നടത്തും. അതേസമയം സംഭവം സംബന്ധിച്ച് ചോദ്യം ചെയ്യൽ ജീവനക്കാരുടെ മൊഴികളിൽ ചില വൈരുദ്ധ്യങ്ങൾ അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് ഭഗവാന്റെ സ്വർണ്ണക്കുടയുടെ ഒരു ഭാഗം നഷ്ടപ്പെട്ടതിന്റെ അന്വേഷണം എങ്ങും എത്തിയില്ലെന്നും വിശ്വാസികൾ പറയുന്നു. ന്