ആമ്പല്ലൂർ: ആമ്പല്ലൂർ പ്രദേശത്തെ റോഡുകളിൽ അറ്റകുറ്റപ്പണിയുടെ ഭാഗമായി താത്കാലിക കുഴിയടക്കൽ നടത്തിയെങ്കിലും റോഡ് പഴയതിലും മോശാവസ്ഥയിലായി. ആമ്പല്ലൂർ-കാഞ്ഞിരമറ്റം റോഡിൽ പഴയ പഞ്ചായത്ത്, സെന്റ് ഇഗ്നേഷ്യസ് സ്കൂൾ, പഞ്ചായത്ത് ജംഗ്ഷൻ എന്നിവിടങ്ങളിലെ റോഡ് തകർന്നിട്ട് മാസങ്ങളായി. കുഴിയടിക്കൽ നടത്തിയതിനു പിന്നാലെ തുടർച്ചയായി പെയ്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായതോടെ റോഡ് ഗതാഗതയോഗ്യമല്ലാതായി.
റോഡിൽ കല്ലുകൾ നിരത്തിയും ചുവന്ന കൊടി നാട്ടിയും നാട്ടുകാർ അപകടസൂചന നൽകിയിട്ടുണ്ട്. കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂളിനു സമീപം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് സമീപവാസികൾ പറഞ്ഞു. ആംബുലൻസും സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ ഗതാഗതക്കുരുക്കിൽപ്പെടാറുണ്ട്.