ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമയും കോടീശ്വരനുമായ മുകേഷ് അംബാനിയുടെ ആസ്തിയിൽ വൻ കുതിപ്പ്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ അദ്ദേഹത്തിന്റെ ആസ്തിയിൽ 45000 കോടി രൂപയുടെ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.
റിലയൻസ് ജിയോയുടെ വരവാണ് അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് കുതിപ്പേകിയത്. കഴിഞ്ഞ സാന്പത്തിക വർഷം അവസാനത്തോടെ 10.9 കോടി വരിക്കാരെയാണ് ജിയോ നേടിയത്. ഇതിനു പുറമേ റിലയൻസ് ഇൻഡസ്ട്രിയുടെ ഒാഹരി മൂല്യം ഉയർന്നതും മറ്റ് വ്യവസായികളുടെ മേൽ അദ്ദേഹത്തിന് മേൽകോയ്മ നല്കിയിട്ടുണ്ട്.
ഇതോടെ ഫോബ്സ് പുറത്തുവിട്ട ലോകത്തേ പ്രധാന വ്യവസായികളുടെ രണ്ടാമത്തെ പട്ടികയിൽ മുകേഷ് അംബാനിയും ഇടംനേടി.
നിലവിലെ സാഹചര്യങ്ങളിൽനിന്ന് മാറി വ്യാവസായിക മേഖലയിൽ വൈവിധ്യമുണ്ടാക്കിയ 25 പേരുടെ പട്ടികയിലാണ് അദ്ദേഹത്തിന്റെ പേരും കുറിക്കപ്പെട്ടത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ അംഗീകാരം നേടുന്നത്.
മുകേഷ് അംബാനിക്ക് 2990 കോടി ഡോളറിന്റെ ആസ്തിയുള്ളതായാണ് കഴിഞ്ഞ ദിവസം കണക്കാക്കിയത്. ഡിസംബറിലെ കണക്കനുസരിച്ച് 710 കോടി ഡോളറിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ഇന്ധനം, പ്രകൃതി വാതകം തുടങ്ങിയ മേഖലയിൽ ലാഭമുണ്ടാക്കിയ വ്യക്തി ടെലികോം രംഗത്തേക്ക് വരികയും സ്പീഡ് ഇന്റർനെറ്റ്, കുറഞ്ഞ കോൾ നിരക്ക് തുടങ്ങിയവ നല്കി ചുരുങ്ങിയ നാളുകൾകൊണ്ട് 10 കോടി ഉപയോക്താക്കളെ നേടിയത് ഫോബ്സ് പരാമർശിച്ചു.
രാജ്യത്തെ പ്രമുഖ വ്യവസായികളായ ഉദയ് കൊടാക്, കുമാർ മംഗളം ബിർള, ഗൗതം അദാനി, വിപ്രോയുടെ അസിം പ്രേംജി, സൺ ഫാർമയുടെ ദിലിപ് സംഗ്വി എന്നിവരാണ് ഈ വർഷം ഒരു ബില്ല്യൺ ഡോളർ വരെ ആസ്തി ഉയർത്തിയ മറ്റുള്ളവർ.