ലോകത്തെ അതിസമ്പന്നരില്‍ ഒരാളെന്ന ബഹുമതിയ്ക്ക് പുറമേ സഹോദര സ്നേഹത്തിന്റെ മാതൃക കൂടിയാണ് മുകേഷ് അംബാനി ഇപ്പോള്‍ ലോകത്തിന് കാണിച്ച് കൊടുത്തിരിക്കുന്നത്. അനുജന് അനില്‍ അംബാനിയെ ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ചാണ് മുകേഷ് അംബാനി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
ടെലികോം കമ്പനി എറിക്സണ് ഇന്ത്യയ്ക്ക് മുകേഷിന്റെ ഇളയ സഹോദരന് അനില്‍ അംബാനി നല്‍കാനുളള 550 കോടി രൂപ സുപ്രീം കോടതിയില്‍ കെട്ടിവയ്ക്കാനായി നല്‍കിയാണ് മുകേഷ് അംബാനി അനുജനെ രക്ഷിച്ചത്. പണം കെട്ടിവയ്ക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം തീരാന്‍ ഒരുദിവസം ബാക്കി നില്‍ക്കെയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യുണിക്കേഷന്‍ പണം അടച്ചത്. പണം നല്‍കിയില്ലെങ്കില്‍ അനില്‍ അംബാനിയും കൂട്ടുപ്രതികളും മൂന്നുമാസം തടവ് അനുഭവിക്കണമായിരുന്നു.
ഏട്ടന്റെ സമയോചിതമായ ഇടപെടല്‍ ഹൃദയത്തില്‍ തൊട്ടു, ഒരുപാട് നന്ദിയെന്ന് സഹോദരന് മുകേഷ് അംബാനിയ്ക്കുവേണ്ടി പ്രസ്താവനയും ഇറക്കി. മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടേയും സഹായം ലഭിച്ചതുകൊണ്ടാണ് അനില്‍ അംബാനിയുടെ ജയില്‍ശിക്ഷ ഒഴിവായത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഇറക്കിയ പ്രസ്താവനയില്‍ അനില്‍ അംബാനി തന്നെയാണ് ഇത് വ്യക്തമാക്കിയത്. സാമ്പത്തിക തര്‍ക്കങ്ങളെത്തുടര്‍ന്ന് അനില്‍ അംബാനിയും മുകേഷ് അംബാനിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത് മറന്നാണ് സമയോചിതമായി അനിയന്റെ രക്ഷയ്ക്ക് മുകേഷ് അംബാനി എത്തിയത്.