അച്ഛന് അംബാനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് തേടിയെങ്കില്‍ മകന് അംബാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍. മുകേഷ് അംബാനിയുടെ മകന് അനന്ദ് അംബാനിയാണ് മോദിയുടെ റാലിക്കെത്തി ശ്രദ്ധേയനായത്.
സദസിലെ ആദ്യത്തെ നിരയില്‍ തന്നെയായിരുന്നു അനന്ദ്അംബാനി സ്ഥാനം പിടിച്ചത്. മോദിയെ കേള്‍ക്കാനും രാജ്യത്തെ പിന്തുണയ്ക്കാനുമാണ് താനിവിടെ എത്തിയതെന്നായിരുന്നു അനന്ദ് അംബാനിയുടെ പ്രതികരണം. പ്രാദേശിക മറാത്തി ചാനലിനോടാണ് അനന്ദ് തന്റെ പിന്തുണ മോദിക്കാണെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം മുംബൈ സൗത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലിന്ദ് ദേവ്റയെ പിന്തുണച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥി പുറത്തുവിട്ട വീഡിയോയിലാണ് മുകേഷ് പിന്തുണ അറിയിക്കുന്നത്. സൗത്ത് മുംബൈ മണ്ഡലത്തിലെ സാമൂഹിക,സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങളെ കുറിച്ച് മിലിന്ദിന് നല്ല അറിവുണ്ടെന്ന് അംബാനി വീഡിയോയില്‍ പറയുന്നു.
മിലിന്ദ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. സൗത്ത് മുംബൈ മണ്ഡലത്തിലെ വ്യാപാരത്തിലെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്നും തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും മിലിന്ദ് വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്. ഇതാദ്യമായാണ് മുകേഷ് അംബാനി പരസ്യമായി ഒരു സ്ഥാനാര്‍ഥിയെ പിന്തുണച്ച് രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി റിലയന്‍സ് കമ്യൂണിക്കേഷന്‍ ചെയര്മാന് അനില്‍ അംബാനിക്കു കോടിക്കണക്കിനു രൂപയുടെ ലാഭം ഉണ്ടാക്കിക്കൊടുത്തെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപണം ശക്തമാക്കുന്നതിനിടെയാണ് മുകേഷ് അംബാനിയും മകനും ബിജെപിയേയും കോണ്‍ഗ്രസിനെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.