റിലയന്‍സ് ജിയോ ഒഴികെയുള്ള രാജ്യത്തെ എല്ലാ ടെലികോം കമ്പനികളും വലിയ നഷ്ടത്തിലാണ് മുമ്പോട്ടു പോകുന്നത്. ഈ കമ്പനികളെല്ലാം കൂടി 49,990 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിനു നല്‍കാനുള്ള കുടിശ്ശിക. ഈ കുടിശ്ശിക എത്രയും പെട്ടെന്ന് തീര്‍ക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇപ്പോള്‍ ഈ തുക വീട്ടാനുള്ള വഴി കമ്പനികള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഇതോടൊപ്പം ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ അംബാനി എതിര്‍ക്കുകയും ചെയ്തു.
ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന് എളുപ്പത്തില്‍ വലിയ തുക സമാഹരിക്കാന്‍ കഴിയും. കമ്പനിയുടെ സ്വത്തുക്കളോ ഓഹരികളോ വിറ്റുകൊണ്ട് ഈ തുക ലഭ്യമാക്കാമെന്നാണ് അംബാനിയുടെ വാദം. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് സര്‍ക്കാരിന്റെ കുടിശ്ശിക അടയ്ക്കാനുള്ള വിഭവങ്ങളുടെ ക്ഷാമമില്ലെന്നാണ് റിലയന്‍സ് ജിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഭാരതിക്കും വോഡഫോണും ഐഡിയയും 49,990 കോടി രൂപ കുടിശ്ശിക നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.
എയര്‍ടെലിന്റെ ആസ്തിയുടെ ചെറിയ ഭാഗങ്ങള്‍ ലിക്വിഡേറ്റ് ചെയ്യുകയോ 15-20 ശതമാനം പുതിയ ഇക്വിറ്റി ഇഷ്യു ചെയ്യുകയോ ചെയ്താല്‍ സിന്ധു ടവര്‍ ബിസിനസില്‍ എളുപ്പത്തില്‍ ഫണ്ട് സ്വരൂപിക്കാന്‍ കഴിയുമെന്ന് റിലയന്‍സ് ജിയോയിലെ റെഗുലേറ്ററി അഫയേഴ്സ് പ്രസിഡന്റ് കപൂര്‍ സിംഗ് ഗുലിയാനി കത്തില്‍ പറഞ്ഞു. സിന്ധൂ ടവേഴ്സിലും വോഡഫോണ്‍ ഇന്ത്യയ്ക്ക് ഓഹരിയുണ്ട്. ഇതിനാല്‍ അവരുടെ കുടിശ്ശിക അടയ്ക്കാന്‍ സ്രോതസ്സുകള്‍ക്ക് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ടെല്ലിന്റെ ടവര്‍ ബിസിനസ്സിന് കീഴില്‍ ഇന്ത്യയിലുടനീളം 1,63,000 മൊബൈല്‍ ഫോണ്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശതകോടീശ്വരന്‍ സുനില്‍ മിത്തലിന്റെ നിയന്ത്രണത്തിലുള്ള ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നീ കമ്പനികള്‍ സ്‌പെക്ട്രം ഉപയോഗ ലെവികള്‍ കുറയ്ക്കണമെന്നും മറ്റു ഇളവുകള്‍ നല്‍കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ പാനല്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് ടെലികോം മന്ത്രിയ്ക്ക് ജിയോ കത്തയച്ചത്.
സ്‌പെക്ട്രത്തെ ഒരു പരിമിത വിഭവമായി കണക്കാക്കുകയും അതിന്റെ വിതരണം പൊതുതാല്‍പര്യത്തിന് ഹാനികരമായ രീതിയില്‍ നടത്തുകയും ചെയ്യരുതെന്ന സുപ്രീം കോടതി വിധി റിലയന്‍സിന്റെ കത്തില്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. എല്ലാ ഓപ്പറേറ്റര്‍മാരും കോടതി നിര്‍ദ്ദേശിച്ച പ്രകാരം മൂന്ന് മാസ കാലയളവിനുള്ളില്‍ ബാധകമായ തുക നിക്ഷേപിക്കാന്‍ നിര്‍ബന്ധിതരാകണമെന്ന് റിലയന്‍സ് ജിയോ പറഞ്ഞു. എന്തായാലും അംബാനിയുടെ പറഞ്ഞ ഉപായം കേട്ട് കണ്ണു തള്ളിയിരിക്കുകയാണ് ഈ ടെലികോം കമ്പനികള്‍.