കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അംബാനി കുടുംബത്തിൽ നടന്ന വിവാഹ ആഘോഷ വാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹം വിപണികൾ കീഴടക്കി എന്ന് തന്നെ പറയാം. വിവാഹത്തിന്റെ വിവിധ ചടങ്ങുകൾ നടന്ന നഗരങ്ങളിലൊക്കെ കച്ചവടക്കാരുടെ കീശ മുഴുവൻ നിറഞ്ഞു.
അംബാനിക്കുടുംബത്തിന്റെ ആഭരണ ശേഖരവും അത്രതന്നെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. മാർച്ച് മുതൽ തുടങ്ങിയ പ്രീ വെഡിംഗ് മുതൽ കുടുംബത്തിലെ ഓരോ അംഗങ്ങളും ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും അത്രമേൽ വില വരുന്നതുമായിരുന്നു. കോടികൾക്കൊന്നും വിലയില്ലേ എന്ന് തോന്നുന്ന വിധത്തിലാണ് കുടുംബാംഗങ്ങളുടെ ആഭരണ കളക്ഷൻ.
നിത അംബാനി ധരിച്ച 500 കോടിയുടെ ഹാരം ആയിരുന്നു സൈബറിടങ്ങളിൽ ഏറ്റവും ചർച്ചയായത്. പച്ച മരതകവും ഡയമണ്ടും കൊണ്ട് നിർമിച്ചതായിരുന്നു നെക്ലേസ്. ലോകത്തെ ഏറ്റവും വിലയേറിയ നെക്ലേസുകളിലൊന്നാണ് ഇത്. അതിനു ചേരുന്ന 53 കോടിയുടെ ഡയമണ്ട് മോതിരവും കമ്മലും നെക്ലേസിന്റെ മാറ്റ് കൂട്ടി.
രാധിക മെർച്ചന്റിന് നിത അംബാനി സമ്മാനിച്ച മുത്തും ഡയമണ്ടും പിടിപ്പിച്ച ഒരു ചോക്കറാണ് വാർത്തകളിൽ നിറഞ്ഞ മറ്റൊരു ആഭരണം. ഇഷ അംബാനിയുടെ ആഭരണ ശേഖരത്തിൽ ഇടം നേടിയ 167 കോടി വിലമതിക്കുന്ന അൺകട്ട് ഡയമണ്ടുകളാൽ നിർമിതമായ ചോക്കറും അംബാനി കുടുംബത്തിന്റെ ആഭരണ ശേഖരത്തിൽ വരുന്ന ഒന്നാണ്.