സ്വർണ ഫോയിൽ ഉപയോഗിച്ച് പൊതിഞ്ഞ് സ്വർണത്തളികയിൽ വിളന്പുന്ന ഹൈദരാബാദിലെ “അംബാനി’ ഐസ്ക്രീമിന് സമൂഹമാധ്യമങ്ങളിൽ വൻപ്രിയം. 1,200 രൂപയാണ് താരപ്പകിട്ടുള്ള ഈ ഐസ്ക്രീമിന്റെ വില! സ്വർണത്തിന്റെ സാന്നിധ്യത്തിനു പുറമെ ഇന്ത്യയിലെതന്നെ വിലയേറിയ ഐസ്ക്രീമാണെന്ന ലേബൽ കൂടിവന്നതോടെയാണു ‘അംബാനി’ ഐസ്ക്രീം എന്നു പേരുവീഴാൻ കാരണമെന്നു പറയുന്നു.
ഹൈദരാബാദ് നഗരത്തിലെ ഹൂബർ ആൻഡ് ഹോളി ഐസ്ക്രീം പാർലറിലാണ് ഈ മുന്തിയ ഇനം ഐസ്ക്രീം ലഭിക്കുന്നത്. ഈ ആഡംബര ഐസ്ക്രീം തയാറാക്കുന്ന വീഡിയോ ഫുഡീദാക്ഷി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതോടെ വൻ തരംഗമായി. ചോക്ലേറ്റ് കഷണങ്ങൾ, ദ്രാവകരൂപത്തിലുള്ള ചോക്ലേറ്റ്, ബദാം, ചോക്ലേറ്റ് ഐസ്ക്രീം എന്നിവ ഐസ്ക്രീം കോണിൽ നിറച്ച് കട്ടിയുള്ള ക്രീം പൂശും.
ക്രീം ലെയർ സജ്ജീകരിച്ചുകഴിഞ്ഞാൽ, സ്വർണഫോയിൽ ഉപയോഗിച്ച് ഐസ്ക്രീം പൊതിയും. ശേഷം ഐസ്ക്രീം അലങ്കരിക്കുന്നു. സാധാരണ പ്ലേറ്റിനു പുറമെ സ്വർണ ട്രേയിലാണു വിളന്പുക. “അംബാനി’ ഐസ്ക്രീം സാധാരണക്കാർക്കു കഴിക്കാൻ കഴിയില്ലെന്ന വിഷമം ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.