കാഞ്ഞങ്ങാട്: 10 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി (ആംബർ ഗ്രീസ്) കാഞ്ഞങ്ങാട്ട് മൂന്നുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് കൊവ്വൽപള്ളി സ്വദേശി കെ.വി. നിഷാന്ത് (41), മുറിയനാവി സ്വദേശി സിദ്ദിഖ് മാടമ്പില്ലത്ത് (31), രാജപുരം കൊട്ടോടി സ്വദേശി പി. ദിവാകരൻ (48) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസിആർബി ഡിവൈഎസ്പി അബ്ദുല്‍ റഹീം, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.കെ. ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിലാണ് ആമ്പര്‍ ഗ്രീസ് പിടികൂടിയത്.
കർണാടകയിൽനിന്നുമാണ് നിഷാന്തും സിദ്ദിഖും ചേർന്ന് കാഞ്ഞങ്ങാട്ടേക്ക് ആംബര്‍ ഗ്രീസ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതു മറ്റൊരു കൂട്ടർക്ക് കച്ചവടം ചെയ്യുന്നതിനു മുമ്പായി നേരിൽക്കണ്ട് ബോധ്യപ്പെടുന്നതിനാണ് ഇടനിലക്കാരനായി ദിവാകരൻ ഇവിടെയെത്തിയത്.
പോലീസ് സംഘത്തിൽ സ്ക്വാഡ് അംഗങ്ങളായ രാജേഷ് മാണിയാട്ട്, ശിവകുമാർ, ഓസ്റ്റിൻ തമ്പി, ഷജീഷ്, ഹരീഷ് എന്നിവരും ഉണ്ടായിരുന്നു. ആംബർ ഗ്രീസ് വിപണത്തിനായി കൈവശം വയ്ക്കുന്നതു ജൈവവൈവിധ്യ സംരക്ഷണ നിയമ പ്രകാരം പത്തു വർഷംവരെ തടവുശിക്ഷ കിട്ടുന്ന കുറ്റമാണ്.