മുക്കം: വീട്ടിലുള്ള കാർ അംബാസിഡറാണെങ്കിൽ സാമൂഹികസുരക്ഷാ പെൻഷൻ ലഭിക്കും. എന്നാൽ ആയിരം സിസിയിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സി അല്ലാത്ത നാലുചക്ര വാഹനങ്ങൾ സ്വന്തമായുള്ള ഗുണഭോക്താക്കളെ പെൻഷൻ ലിസ്റ്റിൽ നിന്ന് ഒഴിവാക്കും.
സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതിന് സർക്കാർ ഇറക്കിയ പുതിയ മാനദണ്ഡത്തിലാണ് അംബാസിഡർ കാർ ഉത്പാദനം നിർത്തിയിട്ട് വർഷങ്ങളായി എന്ന സാഹചര്യം കണക്കിലെടുത്ത് അംബാസിഡർ കാർ ഉടമകളെ ഡേറ്റാ ബേസിൽ നിലനിർത്തിയത്.
ലോറി, ബസ്, ടെമ്പോ ട്രാവലർ തുടങ്ങിയ നാല് ചക്രത്തിൽ കൂടുതൽ ചക്രങ്ങളുള്ള വാഹനങ്ങളുടെ ഉടമകൾക്കും ഇനി മുതൽ സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയുണ്ടായിരിക്കില്ല. ഇത്തരക്കാരെ ഡേറ്റാബേസിൽ നിന്ന് ഒഴിവാക്കാൻ അതാത് പ്രാദേശിക സർക്കാർ സെക്രട്ടറിമാർക്ക് സർക്കാർ കർശനനിർദേശം നൽകി.
നിലവിൽ പെൻഷൻ വാങ്ങി വരുന്ന ഗുണഭോക്താക്കളിൽ അനേകംപേർ വളരെ വില കൂടിയതും ആയിരം സിസിയിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള വാഹനങ്ങളും സ്വന്തമായി ഉള്ളവരാണെന്നും ഇത്തരക്കാർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ തുടർന്നും അനുവദിക്കുന്നത് സാമൂഹിക സുരക്ഷാ പെൻഷന്റെ ഉദ്ദേശ്യത്തെതന്നെ അട്ടിമറിക്കുന്നതാണ് എന്നുമുള്ള പരാതിയെ തുടർന്നാണ് സർക്കാർ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയത്.
മരണപ്പെട്ട ഗുണഭോക്താക്കളെ സാമൂഹിക സുരക്ഷാ പെൻഷൻ ഡേറ്റാബേസിൽ നിന്ന് അടിയന്തരമായി ഒഴിവാക്കണമെന്ന് സെക്രട്ടറിമാർക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകൾ കണ്ടെത്തിയാൽ അനന്തരാവകാശികളിൽ നിന്ന് സർക്കാരിനെ കബളിപ്പിച്ച് അനർഹമായി തട്ടിയെടുത്ത തുക എന്ന നിലയിൽ തിരിച്ചു പിടിക്കാനും നടപടിയെടുക്കും.
പെൻഷൻ സസ്പെൻഡ് ചെയ്യപ്പെട്ടതിനെ സംബന്ധിച്ച പരാതികൾ ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അദാലത്തിൽ പരിശോധിക്കുമെന്നും സർക്കാർ ഇറക്കിയ പുതിയ സർക്കുലറിൽ പറയുന്നു.