കന്നംകുളം: ഇന്ത്യയുടെ പൈതൃക വാഹനവും റോഡുകളിലെ താരരാജാവായമായിരുന്ന അംബാസിഡർ കാറുകളുടെ സംഗമം ശ്രദ്ധേയമായി. മേയ് ദിനത്തിൽ ചാലിശേരി മുലയം പറന്പത്ത് ക്ഷേത്ര മൈതാനത്താണ് അംബാസിഡർ കാർ ഫാൻസ് കേരള എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംസ്ഥാനതല അംബാസിഡർ കാർ സംഗമം നടന്നത്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ കോയന്പത്തൂരിൽ നിന്നുമായി അന്‍പതോളം കാറുകൾ സംഗമത്തിൽ പങ്കെടുത്തു. 1961 വർഷകാലയളവ് മുതൽ 2008 വർഷം വരെയുള്ള കാറാണ് പൂരാവേശ കാഴ്ചയിൽ മൈതാനത്ത് നിരന്നത്.
കന്പനികൾ നിർമാണം അവസാനിപ്പിച്ചെങ്കിലും വർഷങ്ങൾ പഴക്കമുള്ള കാറുകൾ നിരത്തുകളിൽ നിന്ന് അന്യം നിന്ന് പോയിട്ടില്ല എന്ന സന്ദേശം നൽകി വാഹന റാലിയും നടത്തി. പഴയ താരരാജവായ അംബാസിഡർ കാർ ഉപയോഗിക്കുന്നവർ ന്യൂജനറേഷൻ യുവാക്കളാണെന്നുള്ളത് ശ്രദ്ധേയമായി. സംഗമത്തിൽ ഇന്ത്യയിലെ 16 സംസ്ഥാനവും ഭൂട്ടാനും ചുറ്റിയ 1988 മാർക്ക് ഫോർ മോഡൽ കാർ കാഴ്ച്ചർക്ക് ഏറെ കൗതുകമായി.
സംഗമം കണ്‍വീനർ സി.ജി. ജോയ് ചാവക്കാട് ഉദ്ഘാടനം ചെയ്തു. ജെനിൽ ജെയിസണ്‍ ചാലക്കുടി അധ്യക്ഷനായി. കാറിൽ ഇന്ത്യ ചുറ്റിയ ചാലക്കുടി സ്വദേശികളായ ആദർശ്, നിഖിൽ എന്നിവരെ ഷൈജു കാസർഗോഡ് പൊന്നാട നൽകി ആദരിച്ചു. കണ്‍വീനർ ലോഗോ പ്രകാശനം ചെയതു.
ഉണ്ണി കേച്ചേരി ലോഗോ സ്റ്റിക്കർ വിതരണം ചെയ്തു. രവി കോയന്പത്തൂർ, വിജയകുമാർ വൈക്കം എന്നിവർ സംസാരിച്ചു. ചാലിശേരി പൂര പെരുമയക്ക് പുറമേ മൈതാനം സംസ്ഥാനത്തെ ആദ്യ അംബാസിഡർ കാർ സംഗമത്തിനു കൂടി വേദിയായി.