വരന്തരപ്പിള്ളി: ഒരുകാലത്ത് നിരത്തുകൾ കൈയടക്കിയിരുന്ന അംബാസിഡർ കാറുകളുടെ സംഗമം വേറിട്ടതായി.
അംബാസിഡർ മോട്ടോറിംഗ് ക്ലബ് എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വരന്തരപ്പിള്ളിയിലായിരുന്നു സംഗമം.
1958ലെ ആദ്യത്തെ മോഡൽ മുതൽ 40 കാറുകളാണു സംഗമത്തിൽ പങ്കെടുത്തത്. വയനാട്, കണ്ണൂർ, കോട്ടയം, എറണാകുളം, തിരുവല്ല തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കാറുടമകൾ സംഗമത്തിൽ പങ്കെടുത്തു.
ചെറായി സ്വദേശി ഷാലിക്കാണ് 1958ൽ ഇറങ്ങിയ അംബാസിഡർ കാറുമായി എത്തിയത്. മുത്തച്ഛൻ ഉപയോഗിച്ചിരുന്നതാണ് ഈ കാറെന്ന് ഷാലിക്ക് പറഞ്ഞു.
2014ൽ അംബാസിഡർ കാർ നിർമാണം അവസാനിപ്പിക്കുന്നതുവരെയുള്ള മാർക്ക് വണ്‍, മാർക്ക് ടു, മാർക്ക് ത്രീ, മാർക്ക് ഫോർ, ഗ്രാന്റ്, നോവ, ക്ലാസിക് തുടങ്ങിയ മോഡലുകൾ വരന്തരപ്പിള്ളിയിലെത്തിയിരുന്നു.
256 അംഗങ്ങളുള്ള ഗ്രൂപ്പിൽ 80 കാരനായ ബാലുശേരി സ്വദേശി മൊയ്തീനാണ് ഏറ്റവും മുതിർന്ന അംഗം.
ഒന്നര വർഷമായി പ്രവർത്തിക്കുന്ന ഗ്രൂപ്പ് വാഹനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങളിൽ പരസ്പരം സഹായിക്കുന്നതിനാണ് മുൻഗണന നൽകുന്നത്.
നേരത്തേ വാഹനവില്പനയുമായി ബന്ധപ്പെട്ട് തുടങ്ങിയ ഗ്രൂപ്പ് കച്ചവടലാഭത്തിൽ പ്രവർത്തനം കേന്ദ്രീകരിച്ചതിനെ തുടർന്നാണ് അംബാസിഡർ കാറുടമകൾ പ്രത്യേകം ഗ്രൂപ്പ് തുടങ്ങിയത്.
വരന്തരപ്പിള്ളി നന്തിപുലം സ്വദേശി കരുമാലി ദുർഗപ്രസാദ്, ഒളരി സ്വദേശി ഫ്രാൻസിസ്, കോട്ടയം സ്വദേശി സാവിയോ, കോഴിക്കോട് സ്വദേശി അർജുൻ, കൊടുങ്ങല്ലൂർ സ്വദേശി അസൽ എന്നിവരാണു സംഗമത്തിനു നേതൃത്വം നൽകിയത്.
ഗാലക്സി ക്ലബിൽ നടന്ന സംഗമം വരന്തരപ്പിള്ളി എസ്ഐ വസന്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷൈജു പട്ടിക്കാട്ടുകാരൻ അധ്യക്ഷനായി.