കോല്‍ക്കത്ത: ഇന്ത്യന്‍ നിരത്തുകളില്‍ രാജപ്രൗഡിയില്‍ കുതിച്ചുപാഞ്ഞ അംബാസിഡറിന് ഇനി പുതിയ ഉടമ. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോ അംബാസഡറിനെ ഏറ്റെടുത്തു. 80 കോടി രൂപയ്ക്കാണ് ഈ ഏറ്റെടുക്കല്‍. സി.കെ. ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലായിരുന്നു അംബാസഡര്‍. പ്യൂഷോയുമായി കരാറില്‍ അംബാസഡര്‍ ബ്രാന്‍ഡിനൊപ്പം ട്രേഡ്മാര്‍ക്കും കൈമാറും.
കോല്‍ക്കത്ത ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അംബാസഡറിന്റെ ഉത്പാദനം മൂന്നു വര്‍ഷം മുന്‍പാണു നിര്‍ത്തിയത്. പ്രചാരം കുറഞ്ഞതും ഫണ്ടിംഗ് പ്രശ്നവുമായിരുന്നു ഉത്പാദനം നിര്‍ത്താന്‍ കാരണം.
1980 കാലഘട്ടത്തില്‍ 24,000 കാറുകള്‍ വിറ്റിരുന്ന സ്ഥാനത്ത് ഉത്പാദനം നിര്‍ത്തിയ 201314ല്‍ 2,400 അംബാസഡര്‍ കാറുകളായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്സില്‍നിന്ന് നിരത്തിലിറങ്ങിയത്.
മോറിസ് ഓക്സ്ഫോഡ് സീരിസ് മോഡലില്‍ 1958 മുതലാണ് അംബാസഡറിന്റെ ഉത്പാദനം തുടങ്ങിയത്. വളരെ വേഗം ജനപ്രീതിയാര്‍ജിച്ച അംബാസഡറിന്റെ ജനപ്രീതിക്ക് ഇടിവുണ്ടായത് മാരുതി 800ന്റെ വരവോടെയാണ്. നിരവധി വാഹനനിര്‍മാതാക്കള്‍ ഇന്ത്യന്‍ വാഹനവിപണിയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും മുംബൈ, കോല്‍ക്കത്ത നഗരങ്ങളിലെ ടാക്സി സര്‍വീസുകളില്‍ അംബാസഡര്‍ തന്നെ രാജാവ്.