ചിങ്ങവനം: കാലവർഷം വഴിമാറിയതോടെ അന്പാട്ടുകടവിൽ ആളനക്കമില്ല. പനച്ചിക്കാട് പഞ്ചായത്തിലെ പ്രധാന മീൻ പിടിത്ത കേന്ദ്രമാണ് അന്പാട്ടുകടവ് . പനച്ചിക്കാട് -പുതുപ്പള്ളി റോഡിലാണ് ഈ കടവ്. ചുറ്റും പാടശേഖരം. അതിനു നടുവിൽ തോടും കടവും. കാഴ്ചയ്ക്കും അതി മനോഹരം.
പക്ഷേ ഇക്കുറി വെള്ളപ്പൊക്കത്തിൽ മീൻപിടിക്കാൻ തോട്ടിൽ തടവല കെട്ടി കാത്തിരുന്നവർ നിരാശയോടെ മടങ്ങി. കാലവർഷാരംഭത്തിൽ തന്നെ കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇളകിയെത്തുന്ന മീനുകളെ വലയിലാക്കാൻ മുൻ വർഷങ്ങളിൽ മത്സരമായിരുന്നു.
മീൻപിടിത്തം കാണാനും, വാങ്ങുവാനും സമീപവാസികൾ എത്തുകയും ചെയ്യുന്നതോടെ ഇവിടം ഉത്സവപ്രതീതിയിലാകും. എന്നാൽ ഇക്കുറി പെയ്തു തുടങ്ങിയെങ്കിലും പെട്ടെന്നു തന്നെ മഴ നിലയ്ക്കുകയും കിഴക്കൻ വെള്ളം വരാതിരിക്കുകയും ചെയ്തതോടെ മീൻ പിടിത്തക്കാർ നിരാശയിലായി.