കൊട്ടിയൂർ: അമ്പായത്തോട്ടിൽ ദമ്പതികളെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. കേസിലെ മുഖ്യപ്രതി റോജസ് നാദാപുരം സ്വദേശിയാണ്.
ജനുവരി 16 മുതൽ 19 വരെയാണ് ബന്ദികളാക്കി പീഡിപ്പിച്ചത്. പ്രതികൾ അഞ്ചുപേരുള്ളതായി പരാതിയിൽ പറയുന്നു. 19-ന് പുലർച്ചെ സ്ത്രീയുടെ ഭർത്താവ് ഷെഡിൽനിന്ന് രക്ഷപ്പെട്ട് അടുത്തവീട്ടിലെത്തി കാര്യങ്ങൾ അറിയിച്ചു.
അയാൾ രക്ഷപ്പെട്ടെന്നു മനസിലാക്കിയതോടെ പ്രതികൾ അവിടെനിന്നു മുങ്ങുകയായിരുന്നു. സംഭവത്തിനുശേഷം മുഖ്യമന്ത്രിക്കും ഇരിട്ടി ഡിവൈഎസ്പിക്കും ഇവർ പരാതി നൽകിയിരുന്നു. തുടർന്ന് കേളകം പോലീസ് കേസെടുത്തു.
അമ്പായത്തോട്ടിൽ ദമ്പതിമാർ നാലേക്കർ വാങ്ങിയിരുന്നു. ഇവിടെ ഫാം നടത്താൻ തൊട്ടിൽപ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്മോന് അനുമതിയും നൽകി. ജിഷ്മോനെതിരേ പല കേസുകളും ഉണ്ടെന്നറിഞ്ഞതോടെ സ്ഥലം ഒഴിയണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ജനുവരി 16-ന് അമ്പായത്തോട്ടിലെത്തിയശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കിൽ പോലീസിൽ പരാതികൊടുക്കുമെന്നും പറഞ്ഞു. ഈ സമയം ജിഷ്മോനും ഡ്രൈവറും ഉൾപ്പെടെ അഞ്ചുപേർ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
തുടർന്ന് രണ്ടു ഷെഡുകളിലായി കെട്ടിയിട്ടു. മർദിച്ചതിനു പുറമേ മൊബൈൽ ഫോണും എടിഎം കാർഡും കൈക്കലാക്കി. തുടർന്ന് ഷെഡിൽവെച്ച് ജിഷ്മോൻ പീഡിപ്പിച്ചതായി സ്ത്രീ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു.
ജിഷ്മോൻ ബംഗളൂരുവിലെത്തി ആഡംബരക്കാറും കവർന്നതായി പരാതിയിലുണ്ട്. കാറുമായി പോകുന്നത് അവിടെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്തു. ജിഷ്മോന്റെ പേരിൽ പാനൂർ, തൊട്ടിൽപ്പാലം, കുറ്റ്യാടി എന്നിവിടങ്ങളിൽ വിവിധ കേസുകളുണ്ടെന്ന് ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ പറഞ്ഞു.