പയ്യന്നൂര്‍: ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായിരുന്ന ഡോ.ബി.ആര്. അബേദ്ക്കറിന്റെ പൂര്‍ണകായ ശില്പമൊരുങ്ങുന്നു. നിരവധി ശില്പങ്ങള് നിര്‍മിച്ച് ശ്രദ്ധേയനായ ശില്പി ചിത്രന് കുഞ്ഞിമംഗലമാണ് പ്രതിമ നിര്‍മിക്കുന്നത്.
ഭരണഘടന ഗ്രന്ഥം നെഞ്ചോടടുക്കി അനീതിക്കും സാമൂഹ്യ അസമത്വത്തിനെതിരേ ചൂണ്ടുന്ന വലംകയ്യുമായി നില്ക്കുന്ന രൂപത്തിലുള്ളതാണ് ശില്പം.
കോട്ടും പാന്റും ടൈയും ഷൂവും കണ്ണടയും ധരിച്ചതായുള്ള രീതിയിലാണ് ശില്പം നിര്‍മിക്കുന്നത്. കാഞ്ഞങ്ങാട് കോടോത്ത് ഡോ. അംബേദ്ക്കര്‍ ഗവ: ഹയര്‍ സെക്കൻഡറി സ്കൂളിന് മുന്നില്‍ സ്ഥാപിക്കാനായാണ് ശില്പം നിര്‍മിക്കുന്നത്.
അഞ്ചടി ഉയരമുള്ള പീഠത്തിലാണ് ഒന്‍പതടി ഉയരമുള്ള ഫൈബറില്‍ നിര്‍മിച്ച ശില്പം സ്ഥാപിക്കുന്നത്. 1993-94 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച് രൂപം കൊടുത്ത “കൂട്ടരങ്ങ് ‘ എന്ന വാട്സ് ആപ് കൂട്ടായ്മയാണ് സ്കൂളിലേക്ക് ശില്പം സംഭാവന ചെയ്യുന്നത്.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ എകെജിയുടെ ശില്പം നിര്‍മ്മിച്ച പ്രശസ്ത ശില്പി കുഞ്ഞിമംഗലം നാരായണന് മാസ്റ്ററുടെ മകനും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ചിത്രകല അധ്യാപകനുമാണ് ചിത്രൻ. കെ.വി.കിഷോര്‍, സജിത്ത്, ചിത്ര, സന്ദീപ്, ജിതിന് എന്നിവര്‍ ശില്പ നിര്‍മാണത്തില്‍ സഹായികളായി.
ശില്പ നിര്‍മ്മാണം അവസാന മിനുക്കുപണിയിലാണ്. സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ശില്പം അനാച്ഛാദനം ചെയ്യുവാനാണ് തീരുമാനം.