മുതലമട : പട്ടികജാതി ദുർബല വിഭാഗത്തിൽപ്പെട്ട ചക്ലിയ കുടുംബങ്ങൾ വീടു വയ്ക്കാൻ സ്ഥലത്തിനു വേണ്ടിയുള്ള അപേക്ഷകൾ നീണ്ട കാലമായി അവഗണിക്കപ്പെടുന്നതായി ജില്ലാ കളക്ടർക്ക് പരാതി.
മുതലമട പഞ്ചായത്ത് ഏട്ടാം വാർഡിൽപ്പെട്ട ഗോവിന്ദാപുരം, അംബേദ്കർ കോളനി കിട്ടാൻ മകൻ വിജയൻ, ശക്തിവേൽ മകൻ മണികണ്ഠൻ എന്നിവരാണ് തങ്ങളുടെ ആവശ്യം നേടിയെടുക്കുന്നതിനായി സംഘടിതമായി സമരരംഗത്തുവരുമെന്ന് അറിയിച്ചത്.
കൊല്ലങ്കോട് ബ്ലോക്ക് ഓഫീസിൽ ലൈഫ് മിഷൻ പദ്ധതിയിൽ വീടു നിർമാണത്തിനു സ്ഥലം ലഭിക്കുന്നതിനായി 2014 മുതൽ പല തവണ പട്ടികജാതി ആദിവാസികൾ ഉൾപ്പെടെ 34 കുടുംബങ്ങൾ നിയമപരമായ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ നൽകിയിരുന്നു.
2017ൽ ബ്ലോക്ക് പട്ടികജാതി ഓഫീസിൽ നിന്നും സ്ഥലത്തിന് അർഹതപ്പെട്ടവരുടെ പട്ടികയിൽ തങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും കളക്ടർക്ക് നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
അംബേദ്കർ കോളനിയിൽ പട്ടികജാതി ചക്ലിയ ജാതി സമുദായ കുടുംബങ്ങൾക്ക് അയിത്തം കൽപ്പിച്ചതായി ആരോപണമുന്നയിച്ച് പരാതി ഉയർന്നിരുന്നു. ഈ സമയത്ത് സംസ്ഥാന സ്ഥലത്തിലും ദേശീയമായും നിരവധി സംഘടനകൾ അംബേദ്കർ കോളനിവാസികളെ പിന്തുണച്ച് എത്തിയിരുന്നു.
ഇതിൽ മനുഷ്യാവകാശ കമ്മീഷൻ മേധാവികളും സ്ഥലത്തെത്തിയിരുന്നു. ഈ സമയങ്ങളിൽ മുൻ നിരയിൽ നിന്ന ചക്ലിയ കുടുംബാംഗങ്ങളെ അർഹതപ്പെട്ടവരുടെ പട്ടികയിൽ നിന്നും ഒഴിവാക്കി എന്നതാണ് വീട്ടമ്മമാരുടെ വിലാപം.
നിലവിൽ വീടുള്ള പലർക്കും അർഹത പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതായും വീട്ടമ്മമാർ ആരോപണം ഉന്നയിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണ് രാഷ്ട്രീയത്തിനതീതമായ കോളനിവാസികൾ സമരത്തിനു മുതിർന്നത്.
തങ്ങളുടെ ആവശ്യങ്ങളിൽ ന്യായമുള്ളത് മനസിലാക്കി നിരവധി രാഷട്രീയക്കാരും പൊതുസംഘടനകളും പിന്തുണയുമായെത്തിയിരുന്നു. വിഷയം സംസ്ഥാനതല ചർച്ച വിഷയമായതോടെ ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന അധികാരികളും കോളിനിയിലെത്തി വാഗ്ദാന പെരുമഴ നൽകി തിരിച്ചു പോവുകയുണ്ടായി.
സർക്കാർ ഉറപ്പിൽ വിശ്വാസം കണക്കിലെടുത്ത് സമര രംഗത്തു നിന്ന് പിന്മാറിയതോടെ കോളനി വികസന പദ്ധതികളും ഒപ്പം പടിയിറങ്ങി. കോളനിയിൽ 140 ചക്ലിയ സമുദായ കുടുംബങ്ങളിലായി 2000ത്തോളം പേർ താമസക്കാരായുണ്ട്.
സമര രംഗത്തു വരാതെ നിസഹരിച്ച കുടുംബത്തളിൽപ്പെട്ടവർക്കാണ് സ്ഥലം അനുവദിക്കുന്ന അർഹതാ പട്ടികയിലുൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം. സ്ഥലവും വിടുമില്ലാത്ത വർ പ്രതിമാസം 1000, 1500 വാടക നൽകിയാണ് താമസിക്കുന്നത്.
കൊള്ളപ്പലിശക്കാരിൽ നിന്നും ലഭിക്കാവുന്ന വായ്പകളെല്ലാം കൈപ്പറ്റിയാണ് വിട്ടുവാടക നൽകിയിരുന്നത്. തെങ്ങിൽ തോപ്പുകളിലെ പണി ചെയ്യുന്നതിൽ നിന്നും ലഭിച്ച വരുമാനത്തിലാണ് വീട്ടുവാടകയും കുടുംബ ചിലവും നടത്തിയിരുന്നത്. കോവിഡ് ആരംഭിച്ചതോടെ വരുമാനം പകുതിയായി കുറഞ്ഞു.
മാസങ്ങളായി വാടക നൽകാൻ കഴിയാത്തതിനാൽ ഞങ്ങൾ ഒഴിഞ്ഞു പോവാൻ നിർബന്ധിതരായിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഗോവിന്ദാപുരം റോഡിനിരുവശത്തും കുടിൽ കെട്ടി താമസിച്ച് സമരരംഗത്തിറക്കാനും തീരുമാനിച്ചതായി കളക്ടർക്കു നൽകിയ നിവേദനത്തിൽ ചുണ്ടിക്കാണിക്കുന്നു.