മുക്കം: പട്ടികജാതി കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന അംബേദ്കർ ഗ്രാമം കോളനി നവീകരണ പദ്ധതിയിൽ പ്രവൃത്തി കരാറുകാർക്ക്തോന്നിയപോലെ. മുക്കം നഗരസഭയിലെ തടപ്പറമ്പ് ഐഎച്ച്ഡിപി കോളനിയിൽ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വാസയോഗ്യമാക്കുന്ന വീടുകളുടെ നിർമാണ പ്രവൃത്തികളിൽ വൻ അപാകതയെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീടിന്റെ നിലത്ത് പതിച്ച ടൈലുകൾ ദിവസങ്ങൾക്കകം തന്നെഇളകി പോയിട്ടുണ്ട്. നവീകരിക്കുന്ന വീടുകളിൽ പുകയും പായലും പിടിച്ച ചുമരുകൾ തൊഴിലാളികൾ തേയ്ക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു .
വീടിന്റെ സൺഷേഡ് തേയ്ക്കാതെയാണ് മിക്ക വീടുകളുടെയും ചുമരുകൾ തേയ്ക്കുന്നത്. സാമ്പത്തിക പ്രയാസം കൊണ്ട് നിർമാണ പ്രവൃത്തി പാതിവഴിയിലായ 33 വീടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി വാസയോഗ്യമാക്കുന്നത്. നിർമാണ പ്രവൃത്തികൾ നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞ വീടുകളാണ് ഇവയിലേറെയും. ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന നിർമിതി കേന്ദ്രയ്ക്കാണ് നിർമാണ ചുമതല. അഞ്ച് മാസം കൊണ്ട് നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്ന് പറഞ്ഞ് ആരംഭിച്ച പ്രവൃത്തി ആറ് മാസം കഴിഞ്ഞിട്ടും പകുതി പോലുമായിട്ടില്ല.
സംസ്ഥാന സർക്കാർ ഒരു കോടി വകയിരുത്തിയ പദ്ധതി കഴിഞ്ഞ മാർച്ച് 24 ന് മന്ത്രി എ.കെ ബാലനാണ് ഉദ്ഘാടനം ചെയ്തത്. കോളനിയിലെ മിക്ക വീടുകളിലും സ്ത്രീകൾ മാത്രമാണുള്ളത്. നല്ല രീതിയിൽ പണി പൂർത്തീകരിക്കണമെന്ന് ഇവർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കരാറുകാരനും തൊഴിലാളികളും യാതൊരു അനുകൂല നടപടിയും സ്വീകരിച്ചില്ലെന്ന് വീട്ടുകാർ പറയുന്നു.
വകയിരുത്തിയ തുക തീർന്നു പോയെന്ന് പറഞ്ഞാണ് നിർമാണ പ്രവൃത്തികൾ പാതിവഴിയിലാക്കി തൊഴിലാളികൾ പോകുന്നത്.എന്നാൽ നിർമിതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓരോ വീട്ടിലും പൂർത്തിയാക്കേണ്ട നിർമാണ പ്രവൃത്തികൾ മനസിലാക്കി എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് വീടുകൾക്ക് തുക വകയിരുത്തിയതെന്ന് വീട്ടുകാർ പറയുന്നു.50000 രൂപ മുതൽ ലക്ഷം രൂപ വരെ വീടുകൾക്ക് വകയിരുത്തിയിട്ടുണ്ട്.
എന്നാൽ വകയിരുത്തിയ തുക അപര്യാപ്തമാണെന്ന് പറഞ്ഞ് വീട്ടുകാരെക്കൊണ്ട് നിർമാണ സാമഗ്രികൾ റോഡരികിൽ നിന്നും വീടുകളിലേക്ക് കടത്തിച്ചതായും ആരോപണമുണ്ട്. ഭൂരിഭാഗം വീടുകളുടെയും നിലത്തും അകത്തേക്ക് കയറാനുള്ള പടികളിലും ടൈൽസ് പതിച്ചിട്ടുണ്ടെങ്കിലും ഒരു വീടിന്റെ പോലും പടിയുടെ വശങ്ങളിൽ ടൈലുകൾ പതിച്ചിട്ടില്ല. ഇതിനും തുക വകയിരുത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ വാദം.
ശരീരം തളർന്ന് രണ്ട് വർഷത്തിലേറെയായി കിടപ്പിലായ കമലാക്ഷിയുടെ വീട്ടിലെ അടുക്കളയുടെ സീലിംഗ്തേച്ചിട്ടില്ല. നിലത്ത് തൊഴിലാളികൾക്ക് തോന്നിയപോലെയാണ് ടൈൽ പതിച്ചിരിക്കുന്നത്. പടിയുടെ വശങ്ങളിൽ ടൈൽസ് പതിച്ചിട്ടില്ല. കമലാക്ഷിയുടെ വീടിന്റെ മാത്രം അവസ്ഥയല്ലിത്. ഈ തൊഴിലാളികൾ പണിയെടുത്ത എല്ലാ വീടിന്റെയും അവസ്ഥ ഇങ്ങനെ തന്നെയാണ്.
ചെയ്യുന്ന ജോലികൾ കുറച്ചായാലും വൃത്തിയിൽ ചെയ്തു തരണമെന്ന് വീട്ടുകാർ പറയുന്നു.
സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടന്നും അവ പരിഹരിക്കാനാവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കുമെന്നും വാർഡ് കൗൺസിലർ പ്രജിത പ്രദീപ് പറഞ്ഞു.