ചാവക്കാട്: ചേറ്റുവയിൽനിന്ന് 30 കോടിയോളം വിലവരുന്ന തിമിംഗലത്തിന്റെ ഛർദി പിടികൂടി. ആംബർ ഗ്രീസ് എന്നറിയപ്പെടുന്ന 19 കിലോ തൂക്കമുള്ള ഛർദിക്കു കോടികൾ വില വരും.
കേസുമായി ബന്ധപ്പെട്ട് വാടാനപ്പിള്ളി സ്വദേശി രായംമരയ്ക്കാർ വീട്ടിൽ റഫിക് (47), പാലയൂർ സ്വദേശി കൊങ്ങണം വീട്ടിൽ ഫൈസൽ (40), എറണാകുളം സ്വദേശി കരിയക്കര വീട്ടിൽ ഹംസ (49) എന്നിവരെ ഒല്ലൂർ വൈൽഡ് ലൈഫ് ക്രൈം കണ്ട്രോൾ ബ്യൂറോയും തൃശൂർ ഫ്ലയിംഗ് സ്ക്വാഡും സംയുക്തമായി അറസ്റ്റ് ചെയ്തു.
ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.സുഗന്ധലേപന വിപണിയിൽ വൻ വിലയുള്ള ആംബർ ഗ്രീസ് കേരളത്തിൽ പിടികൂടുന്നത് ആദ്യമാണ്.
തിമിംഗലം ഉദരത്തിൽ സൃഷ്ടിക്കുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണ് ആംബർഗ്രീസ്. തിമിംഗലങ്ങൾ ഇടയ്ക്കു ഛർദിച്ചു കളയുന്ന ഈ വസ്തു ജലനിരപ്പിൽ ഒഴുകി നടക്കും. ഒമാൻ തീരത്ത് ഇത് ധാരാളമായി കണ്ടുവരാറുണ്ടെന്നു പറയയുന്നു.
പ്രതികൾക്ക് ഇത്രയും തൂക്കമുള്ള ആംബർ ഗ്രീസ് എവിടെ നിന്നാണ് ലഭിച്ചതെന്നു വ്യക്തമായിട്ടില്ല. പ്രതികളെ കൊച്ചിയിൽ കൊണ്ടുപോയി ചോദ്യം ചെയ്യും. തുടർ നടപടികൾക്കായി വാഹനവും സ്രവവും പട്ടിക്കാട് റേഞ്ചിനു കൈമാറി.
ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എം.എസ്. ഷാജി, മനു കെ.നായർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.യു. രാജ്കുമാർ, ഇ.പി. പ്രതീഷ്, കെ.വി. ജിതേഷ് ലാൽ, സി.പി. സജീവ്കുമാർ, എൻ.യു. പ്രഭാകരൻ, കെ. ഗിരീഷ്കുമാർ, പ്രശാന്തകുമാർ, സിജീഷ് കൃഷ്ണൻ എന്നിവർക്കൊപ്പം കൊച്ചി ക്രൈം കണ്ട്രോൾ ബ്യൂറോ ഉദേ്യാഗസ്ഥരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.