വിഴിഞ്ഞം: കോവളം തീരത്ത് തിമിംഗല ഛർദ്ദി എന്നറിയപ്പെടുന്ന ആംബർ ഗ്രീസിന് സമാനമായ വസ്തു അടിഞ്ഞു. എന്നാൽ ഇത് ആംബർ ഗ്രീസ് ആണെന്ന് സ്ഥിരീകരിക്കാറായില്ലെന്നും ലാബിൽ നടത്തുന്ന വിശദമായ പരിശോധനയ്ക്കു ശേഷമേ പറയാനാകൂവെന്നും വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചൊവ്വാഴ്ച സന്ധ്യയോടെയാണ് വെള്ളനിറത്തിലുള്ളതും 60 കിലോയോളം ഭാരം വരുന്നതുമായ വസ്തു കോവളം ഹൗവ്വാ ബീച്ചിലെ അമ്പലത്തുമൂല ഭാഗത്ത് അടിഞ്ഞത്. ആദ്യം പ്ളാസ്റ്റർ ഓഫ് പാരിസ് നിർമിതിയിലുള്ള സാധനമെന്ന് കരുതി ആരും തിരിഞ്ഞുനോക്കിയില്ല.
ഇന്നലെ രാവിലെ തീരത്തെത്തിയ ലൈഫ് ഗാർഡുകളാണ് കൗതുകവസ്തുവിനെക്കുറിച്ചുള്ള വിവരം ആദ്യം വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണകേന്ദ്രം അധികൃതരെ അറിയിച്ചത്. ഇവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വന്യജീവി നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ വനം വകുപ്പധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ വനം, വന്യജീവി റാപ്പിഡ് റെസ്പോൺസ് ടീമിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജി.എസ്.റോസ്നി , ആർ. രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തീരത്ത് എത്തി. കണ്ടെത്തിയ വസ്തു പരിശോധിച്ച് തൂക്കം ഉറപ്പു വരുത്തി മഹസറിൽ രേഖപെടുത്തിയ ശേഷം വാഹനത്തിൽ വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
കടുത്ത നെയ്യോട് കൂടിയ മീനിന്റെ ഭാഗമാണെന്ന് ഉറപ്പാണെങ്കിലും ഇതുവരെയും കണ്ടിട്ടില്ലാത്ത അപൂർവ വസ്തുവിനെക്കുറിച്ച് കൂടുതൽ അറിവില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിശോധിച്ച് ഉറപ്പു വരൂത്താൻ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബിലേക്ക് സാമ്പിൾ അയക്കും.
ലാബിൽ നടത്തുന്ന പരിശോധനയ്ക്ക് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.അതുവരെ അപൂർവ്വ വസ്തു വനംവകുപ്പിന്റെ കസ്റ്റഡിയിൽ സൂക്ഷിക്കും.ഏറ്റവും കൂടിയ ഇനം സുഗന്ധദ്രവ്യ നിർമാണത്തിന് ഉപയോഗിക്കുന്ന തിമിംഗല ഛർദിലിന് വിപണിയിൽ കിലോക്ക് ഒരു കോടിയിൽപ്പരം രൂപ വിലയുള്ളതായി അധികൃതർ പറയുന്നു.
നിരവധി വർഷങ്ങൾ കൊണ്ട് രൂപം കൊള്ളുന്ന വസ്തു തിമിംഗലങ്ങൾഛർദ്ദിക്കുമ്പോഴൊ ഇവ ചത്തുപോകുമ്പോഴോ ആണ് കരക്കടിയുന്നതെന്ന് വിഴിഞ്ഞത്തെ കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം അധികൃതർ അറിയിച്ചു.
തമിഴ്നാട്, ആന്ധ്രാ എന്നിവിടങ്ങളിൽ മുൻപ് ആംബർ ഗ്രീസ് അടിഞ്ഞതായി സ്ഥിരീകരിച്ചിരുന്നെങ്കിലും ഇത്ര വലിപ്പമുള്ള തിമിംഗ ഛർദ്ദി കേരളത്തിൽ കണ്ടെത്തിയത് ആദ്യമെന്നും അധികൃതർ വിലയിരുത്തുന്നു.