ഫോർട്ട്കൊച്ചി: അംബർ എൽ എന്ന ചരക്ക് കപ്പൽ ബോട്ടിലിടിച്ച് രണ്ട് തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ ഒത്തുതീർപ്പിനായുള്ള ശ്രമം ഊർജ്ജിതമായി. അപകടത്തിൽപ്പെട്ട ബോട്ട് പൂർണമായും തകർന്ന് കടലിൽ താഴുകയും ചെയ്തു. അപകടത്തിൽ മരണമടഞ്ഞ രണ്ട് പേർക്കും കാണാതായ ഒരാളുടെ ആശ്രിതർക്കും മൂന്ന് കോടി വീതവും ബോട്ടുടമയ്ക്ക് ഒന്നര കോടിയും നഷ്ടപരിഹാരം നല്കി പ്രശ്നം ഒത്തുതീർപ്പാക്കുന്നതിനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നത്.
മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കപ്പലുടമ നിയോഗിച്ച അഭിഭാഷകർ നടത്തിയ ചര്‍ച്ചയിൽ സംഭവം കോടതിയ്ക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കാന്‍ തീരുമാനമായിട്ടുണ്ട്.പനാമ രജിസ്ട്രേഷനിലുള്ള കപ്പൽ വളവുമായി ചൈനയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അപകടം നടന്നതിന് ശേഷം ബോട്ടുടമയും തൊഴിലാളികളും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കപ്പൽ തടഞ്ഞുവയ്ക്കാൻ കോടതി നിർദ്ദേശം നല്‍കിയത്.
എത്രയും വേഗത്തിൽ ചരക്കുമായി പുറംങ്കടലിൽ കിടക്കുന്ന കപ്പൽ വിട്ടുകിട്ടുന്നതിനുള്ള നടപടിയാണ് കപ്പലുടമകളുമായി ബന്ധപ്പെട്ടവർ നടത്തുന്നത്.ഇതിന് അനുബന്ധമായാണ് കോടതിക്ക് പുറത്ത് തീർപ്പുമായി ഇവർ രംഗത്തിറങ്ങിയിരിക്കുന്നത്. നഷ്ടപരിഹാര തുകയെ സംബന്ധിച്ച ചർച്ചകൾ ധാരണയായിട്ടില്ല.അതേ സമയം ഇന്നലെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ച കപ്പൽ ജീവനക്കാരെ ഇന്ന് കൊച്ചി ജുഡീഷ്യൽ മജിസ്ടട്രേറ്റ് കോടതിയിൽ ഹാജരാക്കും. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇവർക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്.