കൊച്ചി: എറണാകുളം വൈറ്റിലയില്‍ നിന്ന് അരക്കോടി രൂപയുടെ ആംബര്‍ഗ്രീസ് (തിമിംഗല ഛര്‍ദി)പിടിച്ച സംഭവത്തില്‍ പ്രതികള്‍ തിമിംഗലവേട്ട നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം.
ലക്ഷദ്വീപില്‍ നിന്ന് കേരളത്തില്‍ വില്പനയ്ക്കായി കൊണ്ടുവന്ന ആംബര്‍ഗ്രീസുമായി ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് നിവാസികളായ അമ്പാത്തിച്ചേറ്റയില് അബു മുഹമ്മദ് അന്‍വര്‍(30), പുതിയ സ്രാമ്പിക്കല്‍ പി.എസ്.മുഹമ്മദ് ഉബൈദുള്ള(29), അമ്നി ദ്വീപ് പുതിയ ഇല്ലം വീട്ടില്‍ സിറാജ്(39) എന്നിവരെ എറണാകുളം വനം വിജിലന്‍സ് ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഫ്ളയിംഗ് സ്ക്വാഡ്, തൃശൂര്‍ ഫ്ളയിംഗ് സ്ക്വാഡ്, വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഇന്നലെ പിടികൂടിയിരുന്നു.
ഒന്നര കിലോയോളം ആംബര്‍ഗ്രീസാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇതില്‍ ഒരു കിലോ കറുത്ത ആംബര്‍ഗ്രീസും 400 ഗ്രാം വെള്ള ആംബര്ഗ്രീസുമാണ് ഉണ്ടായിരുന്നത്. ര
ഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ വനംവകുപ്പിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. ഒരു കോടി രൂപക്ക് ആംബര്‍ഗ്രീസ് വാങ്ങാനെന്ന വ്യാജേന പ്രതികളെ വൈറ്റിലയിലേക്ക് വിളിച്ചുവരുത്തിയ ശേഷം പിടികൂടുകയായിരുന്നു.
മുൻപും വില്പനനടത്തിയോ?
ചോദ്യം ചെയ്യലില്‍ കടല്‍തീരത്ത് നിന്ന് ആംബര്‍ഗ്രീസ് കിട്ടിയതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ആംബര്‍ഗ്രീസ് എടുക്കാനായി ഇവര്‍ തിമിംഗലവേട്ട നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജിയോ പോള്‍ പറഞ്ഞു.
പ്രതികള്‍ എറണാകുളത്ത് ഏതെങ്കിലും സ്ഥലങ്ങളില്‍ ആംബര്‍ഗ്രീസ് വില്പന നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി പ്രതികളുമായി ഇന്ന് എറണാകുളത്തും പരിസരപ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തും.
ശേഷം കോടതിയില്‍ ഹാജരാക്കും. പെരുമ്പാവൂര്‍ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ കെ.ജി. അന്‍വറിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതികളെയും പിടിച്ചെടുത്ത ആംബര്‍ഗ്രീസും ഇന്നലെത്തന്നെ കോടനാട് റേഞ്ച് മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനു കൈമാറിയിരുന്നു.
“ഛര്‍ദ്ദി’യാണെങ്കിലുംപൊന്നുംവില
തിമിംഗലങ്ങള്‍ ഛര്‍ദിച്ചു കളയുന്ന അവശിഷ്ടമാണെങ്കിലും ആംബര്‍ഗ്രീസിന് വിപണിയില്‍ കോടികളുടെ വിലയാണുള്ളത്. ഇവ ഒഴുകുന്ന സ്വര്‍ണം എന്നാണ് അറിയപ്പെടുന്നത്.
അറേബ്യന്‍ സുഗന്ധ വ്യാപാരത്തിലെ അമൂല്യ അസംസ്കൃത വസ്തുവാണ് ഇത്. സുഗന്ധം ദീര്‍ഘനേരം നിലനില്‍ക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഏറെ നാളുകള്‍ക്കു ശേഷമാണ് ഇത് ഛര്‍ദിച്ചു കളയുന്നത്.
തിമിംഗല ഛര്‍ദി കൂടുതല്‍ കിട്ടാനായി ഇവയെ വേട്ടയാടുന്നതും പതിവുണ്ട്. അതിനാല്‍ 1972 വന്യജീവി സംരക്ഷണ നിയമപ്രകാരം രാജ്യത്ത് ആംബര്‍ഗ്രീസ് കൈവശപ്പെടുത്തുന്നതും കൈമാറ്റം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.