കൊച്ചി: കൊച്ചിയില്‍ വിൽപ്പനയ്ക്കെത്തിച്ച കോടികള്‍ വിലവരുന്ന തിമിംഗല ഛര്‍ദിയുമായി (ആംബര്‍ഗ്രിസ്) രണ്ടു യുവാക്കള്‍ അറസ്റ്റിലായ കേസില്‍ കൂടുതല്‍ പേര് പിടിയിലാകുമെന്നു സൂചന.
കേസിൽ പാലക്കാട് സ്വദേശികളായ കെ.എന്‍. വൈശാഖ്, എന്‍. രാഹുല്‍ എന്നിവരെ കഴിഞ്ഞ ദിവസം കലൂര്‍ കറുകപ്പള്ളിയിലെ ഒരു ഹോട്ടലില്‍നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയിരുന്നു.
ആംബര്‍ഗ്രിസ് പാലക്കാട്ടെ മത്സ്യത്തൊഴിലാളി സൂക്ഷിച്ചിരുന്നതാണെന്നാണ് പ്രതികള്‍ പറയുന്നത്. രാഹുലിന്റെ സുഹൃത്തും മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളതുമായ യുവതിയാണ് ഇത് പ്രതികള്‍ക്ക് കൈമാറിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ക്ക് ഇത് കിട്ടയതാണെന്നാണ് യുവതി ഇവരോട് പറഞ്ഞിട്ടുള്ളതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.ആംബര്‍ഗ്രിസ് കൊച്ചിയിലെത്തിച്ച് അഞ്ചു ലക്ഷം രൂപയ്ക്ക് വില്‍ക്കാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് സ്വദേശിനിയെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
8.7 കിലോ തിമിംഗല ഛര്‍ദിയാണ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് അഞ്ചു കോടിയോളം രൂപ വിലവരും. കോടനാട് വനംവകുപ്പാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികള്‍ കൊച്ചിയില്‍ സമാന ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഉയര്‍ന്ന ഗുണമേന്മയുള്ള ആംബര്‍ഗ്രിസിന് കിലോയ്ക്ക് രണ്ടു കോടി രൂപ വിലവരും.