വൈക്കം: ചിരട്ടയിൽ മലയാളി വീട്ടമ്മ തീർത്ത നിലവിളക്ക് വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച കരകൗശല ഉത്പന്നമായി തെരഞ്ഞെടുത്തു.
വൈക്കം കിഴക്കേ നടകൊപ്പറന്പിൽ തറക്കണ്ടത്തിൽ (മണി മന്ദിരം ) അംബികയാണ് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്കു പാത്രമായത്.
വർഷങ്ങളായി അംബിക ചിരട്ടയിൽ വിവിധ കരകൗശല വസ്തുക്കളുണ്ടാക്കുന്നുണ്ട്.
സർവേയറായി റിട്ടയർ ചെയ്ത ഭർത്താവ് വിജയനും ഭാര്യയുടെ കരവിരുതിനെ പ്രോത്സാഹിപ്പിച്ചു ഗുണമേന്മയുള്ള ചിരട്ടയും അനുബന്ധ വസ്തുക്കളും എത്തിച്ചു നൽകുന്നു.
അംബിക ചിരട്ടയിൽ തീർക്കുന്ന ഉത്പന്നങ്ങൾ കുടുംബശ്രീ മുഖേനയാണ് വിൽക്കുന്നത്.
വൈക്കം നഗരസഭാ പരിധിയിലെ കുടുംബശ്രീ ഗ്രൂപ്പുകൾ തെരഞ്ഞെടുത്ത കരകൗശല വസ്തുക്കൾ തിരുവനന്തപുരത്തു നടത്തിയ എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു.
ഈ എക്സിബിഷനിൽ ശ്രദ്ധാകേന്ദ്രമായ ചിരട്ടയിൽ തീർത്ത നിലവിളക്കിനെ സംബന്ധിച്ചു അധികൃതർ നൽകിയ റിപ്പോർട്ടാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.
മികച്ച കരകൗശല വസ്തുവായി ചിരട്ടയിൽ തീർത്ത നിലവിളക്ക് പ്രധാനമന്ത്രി തെരഞ്ഞെടുത്തതോടെ അംബികയുടെ കരവിരുതിൽ തീർത്ത ചിരട്ട ഉത്പന്നങ്ങൾ രാജ്യത്തിനകത്തും പുറത്തുമുള്ള വിപണി കീഴടക്കുമെന്ന പ്രതീക്ഷയിലാണ് വൈക്കം നിവാസികൾ.