ന്യൂഡൽഹി: കോവിഡ് ബാധിച്ചു ഡൽഹിയിൽ മരിച്ച പത്തനംതിട്ട സ്വദേശി നഴ്സ് അംബിക ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ കഴിഞ്ഞത് തികഞ്ഞ അവഗണനയിൽ.
കേരളത്തിൽനിന്നു മകൻ അഖിൽ ഡൽഹിയിൽ എത്തിയതിനുശേഷം അംബികയുടെ അന്ത്യകർമങ്ങൾ ഇന്നലെ ഡൽഹി പഞ്ചാബി ബാഗ് ശ്മാശാനത്തിൽ നടത്തി. മകൾ ഭാഗ്യമോൾ നിരീക്ഷണത്തിലാണ്. മലേഷ്യയിൽ ജോലിചെയ്യുന്ന ഭർത്താവ് സുനിൽ കുമാറിന് എത്തിച്ചേരാനായിട്ടില്ല.
ഉപയോഗിച്ച പിപിഇ കിറ്റുകളും കീറിയ ഗ്ലൗസുകളുമാണ് തങ്ങൾക്കു തന്നിരുന്നതെന്ന് ഡൽഹിയിലെ കൽറ ഹോസ്പിറ്റിലിലെ നഴ്സുമാർ പറയുന്നു. നഴ്സുമാർ അടക്കമുള്ളവർ ഒരുതരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇവിടെ ജോലി ചെയ്യുന്നത്.
അംബികയുടെ മരണവും ആശുപത്രി അധികൃതരുടെ അനാസ്ഥയും ചൂണ്ടിക്കാട്ടി കേരളത്തിൽനിന്നുള്ള എംപിമാർ അടക്കം മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. അംബികയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട എംപി ആന്റോ ആന്റണി കേജരിവാളിനോട് ആവശ്യപ്പെട്ടു.
ഡോക്ടർമാർക്ക് പുതിയ പിപിഇ കിറ്റും നഴ്സുമാർക്ക് മറ്റുള്ളവർ ഉപയോഗിച്ച പിപിഇ കിറ്റുകളുമാണ് നൽകിയിരുന്നതെന്ന് ആശുപത്രിയിലെ മറ്റൊരു മുതിർന്ന നഴ്സ് പറഞ്ഞു.
പിപിഇ കിറ്റുകൾ വീണ്ടും ഉപയോഗിച്ച് ജോലി ചെയ്യാൻ നഴ്സുമാർ മടിച്ചിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് ഫോണിൽ സംസാരിച്ചപ്പോഴും അംബിക മകനോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ജീവനക്കാർക്കു നൽകിയിരുന്ന മാസ്കുകൾക്കും ആശുപത്രി അധികൃതർ പണം ഈടാക്കിയിരുന്നു.
പുതിയ പിപിഇ കിറ്റുകൾ എത്തിക്കാത്തതിൽ അംബികയും ആശുപത്രി ഇൻ ചാർജും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു. കോവിഡ് ചികിത്സയ്ക്കു മാത്രമായി തരംതിരിച്ചിട്ടില്ലാത്ത ആശുപത്രി ആയതുകൊണ്ടു കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.
മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ ജോലിക്കെത്തില്ലെന്ന് മറ്റു മൂന്നു നഴ്സുമാരും ആശുപത്രിയിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ ആശുപത്രിക്ക് എതിരേയുള്ള ആരോപണങ്ങൾ ഉടമ ഡി.എൻ. കൽറ നിഷേധിച്ചു.
ഈ മാസം പതിനെട്ടിനാണ് അംബികയ്ക്ക് രോഗലക്ഷണങ്ങൾ കണ്ടത്. 21ന് സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചു. 23ന് ഐസിയുവിലേക്ക് മാറ്റുകയും അടുത്ത ദിവസം മരണം സംഭവിക്കുകയുമായിരുന്നു.
സഫ്ദർജംഗ് ആശുപത്രിയിൽ ഐസിയുവിലേക്ക് മാറ്റുന്നതിനിടെയാണ് അഖിൽ അമ്മയുമായി അവസാനമായി സംസാരിച്ചത്. ശ്വാസതടസം മൂലം കൂടുതലൊന്നും അമ്മയ്ക്ക് പറയാൻ കഴിഞ്ഞിരുന്നില്ലെന്നും അഖിൽ പറഞ്ഞു.