കൊച്ചി: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് അയൽവാസിയുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അമ്പിളിക്ക് പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് വീട് നിർമിച്ചു നൽകും. എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലെത്തി അന്പിളിയെ സന്ദർശിച്ച കെ.വി. തോമസ് എംപിയാണ് വീടു നിർമിച്ചു നല്‍കുമെന്ന് വാഗ്ദാനം നൽകിയത്. ചികിത്സാ ധനസഹായമായി ട്രസ്റ്റിൽ നിന്ന് 25,000 രൂപയും നൽകും.
എറണാകുളം യശോറാം കണ്‍സ്ട്രക്ഷൻസിനാണ് ഭവന നിർമാണത്തിന്റെ ചുമതല. പ്ലസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാർഥിനി എന്ന നിലയിൽ 2014-15ലെ പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ 2500 രൂപയുടെ വിദ്യാധനം സ്കോളർഷിപ്പിനും അമ്പിളി അർഹയായിരുന്നു. കഴിഞ്ഞ എട്ടിനാണ് റോഡിലൂടെ നടന്നു പോകുകയായിരുന്ന അമ്പിളിയെ അയൽവാസിയായ അമൽ വാക്കത്തി കൊണ്ട് വെട്ടിവീഴ്ത്തിയത്.
തലയോലപ്പറന്പ് ഡിബി കോളജ് വിദ്യാർഥിനിയും നിർധന കുടുംബത്തിന്റെ പ്രതീക്ഷയുമായിരുന്ന അമ്പിളിക്ക് ഒന്‍പതു മാസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വരും. അന്പിളിയുടെ പിതാവ് ശ്രീരംഗൻ രോഗബാധിതനായതിനാൽ തൊഴിലെടുക്കാൻ കഴിയാത്ത് അവസ്ഥയിലാണ്. അമ്മ വീട്ടുപണി ചെയ്താണ് അമ്പിളിയും സഹോദരിയുമടങ്ങുന്ന കുടുംബം പുലർത്തുന്നത്. മേൽക്കൂര പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലാണ് അന്പിളിയും കുടുംബവും താമസിക്കുന്നത്.