ചേർത്തല: പള്ളിപ്പുറത്ത് നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന കേസിൽ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായെങ്കിലും പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് സൂചന.
പള്ളിപ്പുറം പഞ്ചായത്ത് 16-ാം വാർഡിൽ കോനാട്ട് രാജേഷിനെയാണ് ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയാക്കി ആലപ്പുഴ ജില്ലാ ജയിലിലേക്കു മാറ്റിയത്.
തെളിവെടുപ്പിൽ രാജേഷ് പോലീസുമായി സഹകരിച്ചെങ്കിലും ചില കാര്യങ്ങൾകൂടി വ്യക്തതവരുത്താനാണ് വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് ചേർത്തല പോലീസ് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച കത്തിയും രാജേഷ് സഞ്ചരിച്ച മോട്ടോർ ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
തിരുനല്ലൂർ സഹകരണബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡ് ചെത്തിക്കാട്ട് സി.പി ബാബു – അമ്മിണി ദമ്പതികളുടെ മകളായ അമ്പിളി (42) യെയാണ് ശനിയാഴ്ച വൈകിട്ടോടെ നടുറോഡിൽ കൊലപ്പെടുത്തിയത്.
സംഭവത്തിന് ശേഷം പണമടങ്ങിയ ബാഗും കൈക്കലാക്കിയാണ് രാജേഷ് കടന്നുകളഞ്ഞത്. പള്ളിച്ചന്തയിൽ വ്യാപാര സ്ഥാപനങ്ങളിൽനിന്നു ബാങ്കിലേക്കുള്ള പൈസ വാങ്ങി തന്റെ വാഹത്തിൽ കയറുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു.
17 ഓളം കുത്തുകൾ കഴുത്തിലും നെഞ്ചിലും ഏറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ജല ഗതാഗതവകുപ്പിൽ ജോലിയുള്ള രാജേഷിനു വകുപ്പിൽനിന്നു നിയമനടപടികളുണ്ടാകും.