റാന്നി: പുല്ലൂപ്രത്ത് സ്വകാര്യ ബാലികാസദനത്തിൽ അന്തേവാസിയായിരുന്ന പുതുശേരിമല സ്വദേശിനി അന്പിളി (20)യുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ ആരോപണവിധേയരെ രഹസ്യകേന്ദ്രത്തിൽ വിളിച്ച് ചോദ്യം ചെയ്തു.മരിച്ച അന്പിളിയുടെ ബന്ധു അനു മുഖ്യമന്ത്രിക്കു നൽകിയ പരാതിയേ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.വി.ജയരാജൻ അടക്കമുള്ളവരും സംഭവം അന്വേഷിക്കണമെന്ന് നിർദേശിച്ചിരുന്നു.
കഴിഞ്ഞദിവസം അന്പിളിയുടെ ജന്മനാടായ പുതുശേരിമല തേവരുപാറയിലെത്തിയ സംഘം ബന്ധുക്കൾ, ആക്ഷൻ കൗൺസിൽ പ്രസിഡന്റ് രഞ്ജിത് എന്നിവരിൽ നിന്നും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. 2015 ഫെബ്രുവരി അഞ്ചിനാണ് ബാലികാസദനത്തിൽ അന്തേവാസിയായിരുന്ന അന്പിള മരിച്ചത്. കുഴഞ്ഞുവീണ അന്പിളിയെ ആദ്യം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലുമെത്തിച്ചെങ്കിലും മരിച്ചു.
ഹൃദ്രോഗത്തേ തുടർന്നാണ് മരണമെന്നായിരുന്നു ബാലികാസദനം നടത്തിപ്പുകാരും ലോക്കൽ പോലീസും പറഞ്ഞിരുന്നത്. എന്നാൽ അടുത്തസമയത്ത് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്താകുകയും പെൺകുട്ടിയുടെ ശരീരത്ത് 17ഓളം മുറിവുകളുണ്ടായിരുന്നതായും കുടലിൽ ഏതോ ദ്രാവകം കണ്ടെത്തിയതായും സ്വകാര്യഭാഗങ്ങളിൽ അടക്കം മുറിവുള്ളതായും രേഖപ്പെടുത്തിയിരുന്നു.
ലോക്കൽ പോലീസ് ഫയലിൽ ഒതുക്കിയിരുന്ന കേസ് മുഖ്യമന്ത്രിയുടെ ഇടപെടലോടെ തെളിയുമെന്ന പ്രതീക്ഷയിലാണ് അന്പിളിയുടെ ബന്ധുക്കൾ. കേസന്വേഷണം അട്ടിമറിച്ച അന്നത്തെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യവും ബന്ധുക്കൾ ഉയർത്തിയിട്ടുണ്ട്.