ആദ്യ ലുക്കിൽ തന്നെ പലരും തലകുലുക്കി, “അന്പിളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഗംഭീരം. “അന്പിളി’ എന്ന ടൈറ്റിൽ ആദ്യ കാഴ്ചയിൽത്തന്നെ മനസിലേക്കു സൈക്കിളോടിച്ചു കയറ്റും. അന്പിളിയുടെ “അ’ സൈക്കിൾ ആയി മാറിയതു പലരെയും ത്രില്ലടിപ്പിച്ചു.
എത്ര നേരം നോക്കിയിരുന്നാലും മതിവാരാത്ത നിറവിന്യാസമാണ് അന്പിളിയുടെ പോസ്റ്ററിന്റെ മറ്റൊരു പ്രത്യേകത. തണുപ്പും മഴയും കുളിരുമെല്ലാം ഫീൽ ചെയ്യിക്കുന്ന കോന്പിനേഷൻ. എന്തിന് പോസ്റ്റർ ഇറങ്ങി നിമിഷങ്ങൾക്കം അത് ട്രോളുകാരും കൊണ്ടുപോയി. ചിത്രത്തിലെ നായകനായ സൗബിൻ ഷാഹിറിന്റെ മുഖത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഫിറ്റ് ചെയ്താണ് ട്രോളുകൾ തരംഗമായത്.
പോസ്റ്റർ പുറത്തുവിട്ടു നിമിഷങ്ങൾക്കകം അന്പിളിയുടെ സംവിധായകനായ ജോൺപോൾ ജോർജിനെ തേടി മുൻനിര യുവതാരങ്ങളുടേതുൾപ്പെടെ നിരവധി വിളികൾ എത്തി… ആദ്യം അഭിനന്ദനം പിന്നെ എല്ലാവർക്കും അറിയേണ്ടത്, ആരാണ് ഈ പോസ്റ്റർ ഡിസൈൻ ചെയ്ത അഭിലാഷ് ചാക്കോ എന്നായിരുന്നു.
“ഗപ്പി’ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവസംവിധായകൻ ജോൺപോൾ ജോർജിന്റെ രണ്ടാമത്തെ ചിത്രമായ അന്പിളിയുടെ പോസ്റ്റർ ഡിസൈനിംഗ് നിർവഹിച്ചിരിക്കുന്നത് ജോൺപോളിന്റെ അടുത്ത സുഹൃത്തുകൂടിയ കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോയാണ്. സംവിധായകനായ ജോൺ പോൾ സിനിമയുടെ മൂഡിനെക്കുറിച്ചു കൃത്യമായ വിവരണം പലപ്പോഴായി തന്നതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റർ പിറന്നതെന്ന് അഭിലാഷ് പറയുന്നു. അതുപോലെ ഫോട്ടോഗ്രാഫർ ആർ.റോഷൻ പകർത്തിയ സൗബിന്റെ ചിത്രം ആ പോസ്റ്ററിന്റെ ഫീലിനു വളരെ യോജിച്ചതായിരുന്നു.
സ്കൂൾ പഠന കാലം മുതൽ ചിത്രരചനയിൽ സജീവമായിരുന്ന അഭിലാഷ് സംസ്ഥാന തലത്തിൽ കാർട്ടൂണിലും പെയിന്റിംഗിലും പെൻസിൽ ഡ്രോയിംഗിലുമൊക്കെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കോളജ് പഠനത്തിനു ശേഷം പത്രസ്ഥാപനത്തിൽ ആർട്ടിസ്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് ഖത്തറിൽ സ്പോർട്സ് മാഗസിനിലേക്കു ഡിസൈനറായി അവസരം ലഭിക്കുന്നത്.
ചിങ്ങവനം കൊച്ചുപറന്പിൽ ചാക്കോ-സെലിൻ ദന്പതികളുടെ മകനായ ഈ മുപ്പത്തെട്ടുകാരൻ 12 വർഷത്തോളമായി കുടുംബ സമേതം ഖത്തറിലാണ്. ഭാര്യ സൗമ്യയും മക്കളായ മിഖയും മിൻസയുമാണ് പ്രോത്സാഹനവുമായി ഒപ്പമുള്ളത്.
ജോൺസൺ പൂവന്തുരുത്ത്