കൊച്ചി: ചലച്ചിത്ര-സീരിയല്‍ നടി അമ്പിളി ദേവി നല്കിയ കേസില്‍ ഭര്‍ത്താവും നടനുമായ ആദിത്യന് ജയന് ഹൈക്കോടതി ജൂണ്‍ ഒമ്പതു വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ആദിത്യന് പീഡിപ്പിക്കുകയാണെന്നും, 2021 മാര്‍ച്ച് 23 ന് വീട്ടില്‍ വന്ന് തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്നു കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്നുമാരോപിച്ച് അമ്പിളി ദേവി നല്കിയ പരാതിയില്‍ ചവറ പോലീസ് കേസെടുത്തിരുന്നു.
ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആദിത്യന് നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഇടക്കാല ഉത്തരവ്.
കോവിഡിന്റെ രണ്ടാം തരംഗം കേരളത്തിലുണ്ടാക്കിയ പ്രതികൂല സാഹചര്യം കണക്കിലെടുത്താണ് ഇടക്കാല ജാമ്യം നല്‍കുന്നതെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
ആദിത്യനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹര്‍ജി വിശദമായി വാദംകേട്ട് തീരുമാനിക്കേണ്ടതുണ്ട്.
ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യവും വ്യവസ്ഥ ചെയ്തു വിട്ടയക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ജൂണ്‍ ഒമ്പതുവരെ മാത്രമാണ് ജാമ്യം. ആദിത്യന്റെ ഹര്‍ജി ജൂണ്‍ ഒമ്പതിനു പരിഗണിക്കുന്ന വിവരം പരാതിക്കാരിയായ അമ്പിളി ദേവിയെ പോലീസ് അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
2019 ജനുവരിയിലാണ് ആദിത്യന് ജയന് നടി അമ്പിളി ദേവിയെ വിവാഹം കഴിച്ചത്.
മാതാപിതാക്കള്‍ തനിക്കു നല്കിയ 100 പവന് സ്വര്‍ണവും പത്തു ലക്ഷം രൂപയും ആദിത്യന് കൈക്കലാക്കിയെന്നും 2019 ഏപ്രില്‍ മുതല്‍ കൂടുതല്‍ സ്ത്രീധനത്തിനായി തന്നെ പീഡിപ്പിക്കുകയാണെന്നും അമ്പിളി പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.